trafic

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങളും പ്രതിരോധ നിയന്ത്രണങ്ങളും കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് മാത്രം ഒതുങ്ങുന്നു. സോണുകൾക്ക് പുറത്ത് സാമൂഹിക അകലവും മുൻകരുതലുകളും ഇല്ലാതെ പൊതുഇടങ്ങളിൽ ജനങ്ങൾ തിക്കിത്തിരക്കുകയാണ്. ബാങ്കുകൾക്ക് മുന്നിൽ നൂറുകണക്കിന് ഇടപാടുകാരാണ് പ്രായഭേദമന്യേ കൂട്ടംകൂടുന്നത്. ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നുമില്ല.

കണ്ടെയ്ൻമെന്റ് സോണുകൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലായതിനാൽ അനാവശ്യ യാത്രകൾ, കൂട്ടംചേരലുകൾ തുടങ്ങി കൊവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒന്നും നടക്കുന്നില്ല. എന്നാൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് പിന്നാലെ ജനങ്ങൾ എല്ലാം മറന്ന് കൂട്ടംകൂടുന്നത് ഇതുവരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്.

നിയന്ത്രണങ്ങളില്ലാതെ ജനക്കൂട്ടം ഇടിച്ചുകയറിയ വിപണന കേന്ദ്രങ്ങളും ചന്തകളും രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ അനുഭവങ്ങളിൽ നിന്ന് ആരും ഒന്നും പഠിച്ചിട്ടില്ല. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് നിയന്ത്രണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുമുണ്ട്.

 കൊവിഡിനെ ഭയമില്ലാത്ത ചിലർ

മിനിട്ടിൽ രണ്ടുതവണ വീതം മൂക്കിന് താഴേക്ക് ഊർന്നുപോകുന്ന മാസ്ക് വീണ്ടും പിടിച്ചുകയറ്റി ബാങ്കുകൾക്കും വിപണന കേന്ദ്രങ്ങൾക്കും മുന്നിലെ തിരക്കിലമരുന്ന ചിലരെ കണ്ടാൽ കൊവിഡിനെ ഇവർക്ക് ഭയമില്ലെന്ന് തോന്നും. ഭയനകമാംവിധം രോഗബാധിതരുടെ എണ്ണം ഉയർന്നിട്ടും ഇത്തരക്കാർക്ക് ആശങ്കയില്ല. ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നിലെ തിരക്ക് നിയന്ത്രിച്ചില്ലെങ്കിൽ ജില്ലയിലെ സ്ഥിതി ഇനിയും ഗുരുതരമാകും.

 രോഗികൾ കൂടിയാൽ കാര്യങ്ങൾ എളുപ്പമാകില്ല

കൊവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ വർദ്ധനവ് ഉണ്ടായപ്പോൾ തന്നെ ജില്ലയിലെ ആരോഗ്യ മേഖലയിൽ പ്രതിസന്ധികൾ പ്രകടമായി തുടങ്ങി. പാരിപ്പള്ളി മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയും കൊവിഡ് ആശുപത്രികൾ ആയതോടെ ഇവിടങ്ങളിലെത്തിയിരുന്ന മറ്റ് രോഗികൾ ബുദ്ധിമുട്ടിലായി. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് എത്തുന്നവരാകട്ടെ, പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഡോക്ടറെ കാണാൻ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഡോക്ടർമാരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് നിയോഗിച്ചതോടെ ഹോമിയോ- ആയുർവേദ ആശുപത്രികളിലെ ചികിത്സയും താളംതെറ്റി.

 കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതിൽ വിമർശനം

പഞ്ചായത്തിലെ ഏതെങ്കിലുമൊരു വാർഡിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ തൊട്ടുപിന്നാലെ പഞ്ചായത്താകെ അടച്ചുപൂട്ടുകയാണ് നിലവിൽ. രോഗിയുടെ വീടും പരിസരവും പ്രാഥമിക സമ്പർക്ക മേഖലയും നിയന്ത്രണങ്ങളിലാക്കേണ്ടതിന് പകരം നാടാകെ അടച്ചിടുന്നത് സാധാരണ തൊഴിലാളികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കച്ചവടക്കാർ എന്നിവർക്ക് തീരാദുരിതമാണ്.