കൊല്ലം: കൊവിഡ് പ്രതിരോധാർത്ഥം മാസ്‌ക് ധരിക്കൽ ശീലമായതോടെ ലിപ്സ്റ്റിക്കുകളെ പുറത്താക്കിയിരിക്കുകയാണ് സ്ത്രീജനങ്ങൾ. സംസ്ഥാനത്ത് പ്രതിമാസം അഞ്ച് മുതൽ എട്ട് കോടിയിലേറെ രൂപയുടെ വിവിധ ബ്രാൻഡുകളിലെ ലിപ്സ്റ്റിക് ഉത്പന്നങ്ങളാണ് വിറ്റുപോയിരുന്നത്. എന്നാൽ കഴിഞ്ഞ നാലുമാസത്തിനിടെ വിൽപ്പന രണ്ട് ലക്ഷത്തിലേക്ക് കൂപ്പുകുത്തി. കേരളത്തിൽ ഒരു വർഷം ശരാശരി 80- 90 കോടി രൂപയുടെ ലിപ്സ്റ്റിക്കുകളാണ് വിറ്റുപോകുന്നത്. ലിപ് ബാമും അനുബന്ധ ഉത്പന്നങ്ങളും ഇതിൽ ഉൾപ്പെടും.
ലിപ് മേക്കപ്പ് കിറ്റ്
പണ്ട് ലിപ്സ്റ്റിക് മാത്രമാണ് വാങ്ങിയിരുന്നതെങ്കിൽ പിന്നീട് ലിപ്സ്റ്റിക് കിറ്റ് തന്നെ വിപണിയിലെത്തി. ലിപ് ബാം, ലിപ് ലൈനർ, ലിപ്സ്റ്റിക്, ലിപ് ഗ്ലോസ്, മോയിസ്ചറൈസർ എന്നിവയാണ് കിറ്റിലുള്ളത്. ബർഗണ്ടി റെഡ്, പ്ലം, കോറൽ, നിയോൺ, പിങ്ക് നിറങ്ങളാണ് കൂടുതൽ വിറ്റുപോകുന്നത്. പ്ലംബിംഗ് ലിപ് സ്റ്റിക്കാണ് ഒടുവിൽ വിപണിയിലെത്തിയത്. ചുണ്ടിന് വലിപ്പം തോന്നിക്കുന്നതിനും ഇതാണ് ഉപയോഗിക്കുന്നത്. ലിപ്സ്റ്റിക് വേഗം മാഞ്ഞുപോകാതിരിക്കാൻ ജെൽ രൂപത്തിലുള്ള ലിപ് സ്റ്റെയിനും വിപണിയിലുണ്ട്.
വമ്പൻ വിൽപ്പന കോഴിക്കോട്ട്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലിപ്സ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. ഓരോ മാസവും വിൽപ്പന 25 ലക്ഷത്തിലേറെ വരുമെന്ന് വിവിധ കമ്പനികൾ നടത്തിയ സർവേയിൽ പറയുന്നു. രണ്ടാം സ്ഥാനത്ത് എറണാകുളവും തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂരും മലപ്പുറവും കോട്ടയവുമാണ്. നിശ്ചിത ബ്രാൻഡുകളല്ല, ഇഷ്ട നിറങ്ങളാണ് വിൽപ്പനയിൽ മുന്നിൽ.
കേരളത്തിലെ ഉപഭോക്താക്കൾ
കോളേജ് വിദ്യാർത്ഥികൾ
അദ്ധ്യാപികമാർ
വീട്ടമ്മമാർ
ചലച്ചിത്ര - സീരിയൽ നിർമ്മാണ മേഖലകൾ
മോഡലുകൾ
കലാകാരന്മാർ
കണക്കിങ്ങനെ
വീട്ടമ്മമാർ: 63%
60 വയസ് കഴിഞ്ഞവർ: 10%
കോളേജ് വിദ്യാർത്ഥിനികൾ: 40%
ചലച്ചിത്ര - സീരിയിൽ മേഖല: 100%
ലിപസ്റ്റിക് ബ്രാൻഡുകൾ: 80 ലേറെ
''നാലുമാസമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം. കൊവിഡ് മാറുന്നതുവരെ ലിപ്സ്റ്റിക് വിപണി കാത്തിരുന്നേ മതിയാവൂ. ഇപ്പോൾ ഐലൈനർ കൂടുതലായി വിറ്റുപോകുന്നുണ്ട്.''
കെ.സി. രാജീവ്, ലിപ്‌സ്‌റ്റിക് ഉത്പന്ന മൊത്തവ്യാപാരി