parking

കൊല്ലം: നഗരത്തിലെ അനധികൃത പാർക്കിംഗിനും വൺവേ ലംഘനത്തിനുമെതിരെ ട്രാഫിക് പൊലീസ് കർശന നടപടി തുടങ്ങി. ചാമക്കട, മെയിൻ റോഡ്, കന്റോൺമെന്റ് റോഡ്, വടയാറ്റുകോട്ട റോഡ് എന്നിവിടങ്ങളിൽ വൺവേ ലംഘിച്ച 98 വാഹനങ്ങൾക്കും അനധികൃതമായി പാർക്ക് ചെയ്ത 321 വാഹനങ്ങൾക്കും സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ജൂലായിൽ പിഴ ചുമത്തി.

ചാമക്കട, മെയിൻ റോഡ്, കന്റോൺമെന്റ് റോഡ്, വടയാറ്റുകോട്ട റോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഉടമകളും ജീവനക്കാരും സ്ഥിരമായി വാഹനങ്ങൾ നിറുത്തിയിടുന്നതിനാൽ സ്ഥാപനങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം ലഭിക്കാറില്ല. അതിനാൽ ഉപഭോക്താക്കൾ റോഡിൽ അനധികൃമായി പാർക്ക് ചെയ്യുന്ന സ്ഥിതിയാണ് നിലവിൽ. തുടർച്ചയായ ഗതാഗത കുരുക്കിന് ഇത് ഇടയാക്കുന്നുണ്ട്.

ഇതുസംബന്ധിച്ച് കട ഉടമകൾക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി തിരക്ക് ഉയരാനുള്ള സാധ്യത പരിഗണിച്ച് ഈ നാല് റോഡുകളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു.

 കുറ്റം ആവർത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ വരുംദിവസങ്ങളിൽ സ്വീകരിക്കും.

(സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്)

 ജൂലായിൽ നടപടി 419 വാഹന ഉടമകൾക്കെതിരെ

 വൺവേ ലംഘനം: 98 വാഹനങ്ങൾ

 അനധികൃത പാർക്കിംഗ്: 321 വാഹനങ്ങൾ