rto
പി.ഒ.എസ് യന്ത്രങ്ങളുടെ വിതരണം ആർ.ടി.ഒ രാജീവിന്റെ സാന്നിദ്ധ്യത്തിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഡി. മഹേഷ് നിർവഹിക്കുന്നു

 പിഴ ചുമത്താനും വാങ്ങാനും പി.ഒ.എസ് യന്ത്രം

കൊല്ലം: ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഡിജിറ്റലായി. ഇനിമുതൽ നിയമനലംഘനങ്ങൾ നടത്തുന്നവർക്ക് പിഴ ചുമത്തുന്നതും പിഴത്തുക വാങ്ങുന്നതും പി.ഒ.എസ് മെഷീൻ(പോയിന്റ് ഒഫ് സെയിൽ) വഴിയാകും. നിയമലംഘനങ്ങൾ ചെക്ക് റിപ്പോർട്ടായി എഴുതി ടി.ആർ.ഫൈ രസീത് വഴിയാണ് ഇതുവരെ പിഴ ചുമത്തിയിരുന്നത്. നിറുത്താതെ പോകുന്ന വാഹനങ്ങൾക്കുള്ള പിഴ സംബന്ധിച്ച സന്ദേശം നിയമലംഘനത്തിന്റെ ചിത്രം സഹിതമാണ് ഫോണിലെത്തുക. യന്ത്രത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അടിച്ചു കൊടുക്കുമ്പോൾ ടാക്സ്, ഇൻഷ്വറൻസ്, പൊല്യൂഷൻ രജിസ്ട്രേഷൻ കാലാവധി എന്നിവ പുതുക്കിയിട്ടില്ലെങ്കിൽ ചുമന്ന ലൈറ്റ് തെളിയും. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും ശരിയായുള്ള വാഹനങ്ങളെ അനാവശ്യമായി തടഞ്ഞുനിറുത്തുകയുമില്ല. യന്ത്രങ്ങളുടെ വിതരണോദ്ഘാടനം കൊല്ലം ആർ.ടി ഓഫീസിൽ ആർ.ടി.ഒ രാജീവിന്റെ സാന്നിദ്ധ്യത്തിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ മഹേഷ് നിർവഹിച്ചു.

പിഴത്തുക നേരിട്ട് വാങ്ങില്ല:

ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്താം

ഇനി കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നത് പി.ഒ.എസ് യന്ത്രത്തിലാണ്. പിഴത്തുക പണമായി നേരിട്ട് വാങ്ങില്ല. ക്രെഡിറ്റ് കാർഡ് യന്ത്രത്തിൽ സ്വൈപ്പ് ചെയ്ത് പണമടയ്ക്കാം. ക്രെഡിറ്റ് കാർഡ് കൈവശമില്ലെങ്കിൽ പിഴ ചുമത്തിയത് സംബന്ധിച്ച മെസേജ് ഫോണിലെത്തും. ഈ സന്ദേശത്തോടപ്പമുള്ള ലിങ്ക് ഉപയോഗിച്ച് 60 ദിവത്തിനുള്ളിൽ ഓൺലൈനായി തുക അടച്ചാൽ മതിയാകും. അടച്ചില്ലെങ്കിൽ ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച വാഹൻ, സാരഥി സോഫ്റ്റ് വെയറുകളിൽ ഇത് കൃത്യമായി രേഖപ്പെടുത്തും. പിന്നീട് വീണ്ടും മോട്ടാർ വാഹന വകുപ്പ് നിയമലംഘനങ്ങൾക്ക് പിടികൂടിയാലോ വാഹനവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് ചെല്ലുമ്പോഴോ കുടുങ്ങും. നിയമലംഘനങ്ങൾ ഒപ്പിയെടുക്കാനുള്ള കാമറയും യന്ത്രത്തിലുണ്ട്.

 7 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് ജില്ലയിലുള്ളത്