കൊല്ലം : അഞ്ചു വയസുകാരി ഗൗരി എന്ന ഭവികാ ലക്ഷ്മി ഈ പിറന്നാൾ ദിനത്തിലും പതിവ് തെറ്റിച്ചില്ല. ഇത്തവണത്തെ പിറന്നാൾ സമ്മാനം താലൂക്കിലെ ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് നൽകി. ശാസ്താംകോട്ട ഭരണിക്കാവ് പൗർണമിയിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ. സുഗതന്റെയും റവന്യൂ ജീവനക്കാരി അനൂപയുടെയും മകൾ ഗൗരി എന്ന ഭവികാ ലക്ഷ്മിയുടെ അഞ്ചാം പിറന്നാൾ ആണ് വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചത്. കഴിഞ്ഞ നാലു വർഷങ്ങളിലും ഗൗരിയുടെ ജന്മദിനം സമൂഹത്തിലെ താഴെ തട്ടിൽ അവശത അനുഭവിക്കുന്നവരോടൊപ്പം ആഘോഷിക്കുകയായിരുന്നു. എന്നാൽ ഇക്കൊല്ലം ലോകജനതയെ ഒന്നാകെ ബാധിച്ച മഹാമാരിയെ പ്രധിരോധിക്കുവാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവാനാണ് ഗൗരിയുടെ കുടുംബം തീരുമാനിച്ചത്. ഭരണിക്കാവിലെ താലൂക്ക് തല കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലെ സഹോദരങ്ങളുടെ മാനസികോല്ലാസത്തിന് വേണ്ടി കാരം ബോർഡ്, ചെസ് ബോർഡുകൾ, റേഡിയോ, മാഗസിനുകൾ, മത്സര പരീക്ഷയിൽ പങ്കെടുക്കുന്നവർക്കായിട്ടുള്ള ബുക്കുകൾ സാനിറ്റൈസറുകൾ തുടങ്ങിയ സാധന സാമഗ്രികൾ കൊവിഡ് സെന്ററിലേക്ക് സംഭാവന നൽകിയാണ് ഈ കുടുംബം മാതൃകാകയായത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാമണി സാമഗ്രികൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു രാധാകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു.