kollam-collector
കളക്ടർ ബി.അബ്ദുൽ നാസർ

ഭരണപ്രതിപക്ഷകക്ഷികൾ പരസ്പരം പഴിചാരാനും ഒതുക്കാനും ശ്രമിക്കുന്നത് രാഷ്‌ട്രീയത്തിൽ പതിവാണ്. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ അത്തരമൊരു ഒതുക്കലിന്റെ ഇരയാണ്. ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വീകാര്യതയും സ്വാധീനവുമാണ് എതിർപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നത്. കൊല്ലത്തെ പാർലമെന്റംഗമാണെങ്കിലും സർക്കാർ പരിപാടികളിൽ നിന്ന് അദ്ദേഹത്തെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന പരാതി പുതിയ കാര്യമല്ല. ജൂലായ് 29 ന് ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജായ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ നിന്ന് അദ്ദേഹത്തെ ബോധപൂർവം ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഒഴിവാക്കിയതല്ല പ്രേമചന്ദ്രനെയും യു.ഡി.എഫ് ജില്ലാ നേത്വത്തെയും ചൊടിപ്പിച്ചത്. ചടങ്ങിന്റെ ക്ഷണക്കത്ത് തയ്യാറാക്കി ആരോഗ്യമന്ത്രി അടക്കമുള്ളവർക്ക് അഭിവാദ്യം അർപ്പിച്ച് കളക്ടർ ബി.അബ്ദുൽ നാസർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാലോകരെ അറിയിക്കുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയ ആർ.ടി.പി.സി.ആർ ലാബ്, നവീകരിച്ച കൊവിഡ് ഐ.സി.യൂണിറ്റ്, പ്ളാസ്മ ഫെറസീസ് മെഷിൻ എന്നിവയുടെ ഉദ്ഘാടനമായിരുന്നു ചടങ്ങ്. ഓൺലൈനിൽ സജ്ജമാക്കിയ ചടങ്ങിൽ ഉദ്ഘാടക മന്ത്രി കെ.കെ ശൈലജയും മുഖ്യാതിഥി ജില്ലയിലെ മന്ത്രിയായ ജെ.മേഴ്സിക്കുട്ടിയമ്മയും. ഒപ്പം സ്ഥലം എം.എൽ.എ ജി.എസ് ജയലാൽ. പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിനും അനുമതിക്കും മറ്റുമായി പാർലമെന്റിൽ നിരന്തരം വാദിക്കുകയും ഇടപെടൽ നടത്തുകയും ചെയ്ത എം.പി പ്രേമചന്ദ്രൻ ചടങ്ങിൽ നിന്ന് ഔട്ട്. എം.പി യെ ഒഴിവാക്കിയതിനപ്പുറം നോട്ടീസ് പ്രസിദ്ധീകരിച്ചതും മന്ത്രിമാർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്ത കളക്ടറുടെ നടപടിയ്ക്കെതിരെയാണ് യു.ഡി.എഫ് ജില്ലാ നേതൃത്വവും എം.പിയും പ്രതിഷേധവുമായെത്തിയത്. കളക്ടർ പ്രോട്ടോക്കോൾ ലംഘിച്ച് രാഷ്ട്രീയം കളിച്ചെന്നാണ് ആരോപണം. പ്രശ്നം വിവാദമായതോടെ കളക്ടർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് തടിയൂരിയെങ്കിലും എം.പിയും ജില്ലാ യു.ഡി.എഫ് നേതൃത്വവും ഇപ്പോഴും കലിപ്പിലാണ്.

കൊല്ലത്തെ എം.പി പ്രേമചന്ദ്രൻ എതിർചേരിയിലെ വല്യേട്ടനായ സി.പി.എമ്മിന്റെ അതൃപ്തിക്കും പ്രതികാരരാഷ്ട്രീയത്തിനും ഇരയാകുന്നത് ഇതാദ്യമല്ല. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പോടെയാണ് ഇതിന്റെ തുടക്കം. കൊല്ലം പാർലമെന്റ് സീറ്റ് തങ്ങൾക്ക് തിരികെ നൽകണമെന്ന ആർ.എസ്.പിയുടെ ആവശ്യം നിഷ്ക്കരുണം തള്ളി സി.പി.എം നേതൃത്വം ഏകപക്ഷീയമായി പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയെ കൊല്ലം സീറ്റിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളത്തെയും സി.പി.എമ്മിനെയും ഞെട്ടിച്ച് അവർ രായ്ക്ക് രാമാനം യു.ഡി.എഫ് ക്യാമ്പിലെത്തി. പ്രേമചന്ദ്രനെ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അതോടെയാണ് പ്രേമചന്ദ്രനും ആർ.എസ്.പിയും സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറിയത്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിവിജയൻ കൊല്ലത്ത് വന്ന് പ്രേമചന്ദ്രനെതിരായി നടത്തിയ പരാമർശം ഇന്നും രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് ചർച്ചാവിഷയമാണ്. ഏതായാലും പ്രേമചന്ദ്രൻ എം.എ ബേബിയെ തോൽപ്പിച്ച് പാർലമെന്റിലേക്ക് പോയി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും പ്രേമചന്ദ്രനെ പരാജയപ്പെടുത്താൻ സി.പി.എം ആവുന്നത്ര ശ്രമിച്ചതാണ്. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവന്നത് പ്രേമചന്ദ്രന്റെ ആർ.എസ്.എസ് ബന്ധം മൂലമെന്ന് പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി വന്ന അഡ്വ. സാബു വർഗീസ് പ്രേമചന്ദ്രനെ സഹായിക്കാൻ നിർത്തിയെന്നതായിരുന്നു മറ്റൊരാരോപണം. ഏതായാലും സർവവിധ എതിർപ്പുകളെയും ആരോപണങ്ങളെയും മറികടന്ന് ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.എൻ ബാലഗോപാലിനെ പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. രാഷ്ട്രീയ വൈരം അവിടെ തീരേണ്ടതായിരുന്നു. എന്നാൽ പിന്നീടുള്ള ഓരോ കാര്യമെടുത്ത് പരിശോധിച്ചാലും എം.പിയെ പരമാവധി തഴയാനും ഒതുക്കാനുമുള്ള ബോധപൂർവമായ ശ്രമമാണുണ്ടായത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയും പ്രേമചന്ദ്രനും പങ്കെടുത്ത ചാനൽ ചർച്ചകളിൽപോലും ഈ ഭിന്നത മറനീക്കി പുറത്തുവന്നു. ഒരു ചാനൽ ചർച്ചയിൽ തന്നോട് മന്ത്രി മോശമായി പെരുമാറിയെന്ന് പറയാൻ വീഡിയോ പുറത്തിറക്കേണ്ടി വന്നു പ്രേമചന്ദ്രന്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജൂലായ് 29 നുണ്ടായത്.

രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട കളക്ടർ സംസ്ഥാനം ഭരിക്കുന്ന സർക്കാരിലെ മന്ത്രിമാരുടെയും നേതാക്കളുടെയും ആജ്ഞാനുവർത്തിയായി തരംതാഴുന്നുവെന്ന വിമർശനമാണ് പ്രേമചന്ദ്രനും ജില്ലാ യു.ഡി.എഫ് നേതൃത്വവും ഉന്നയിക്കുന്നത്.

രാഷ്ട്രീയം കളിച്ച് സ്വന്തം കസേരതന്നെ പോയ ഒരു മുൻ കളക്ടറുടെ കാര്യമാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോഴത്തെ കളക്ടറെ ഓർമ്മിപ്പിക്കുന്നത്. അതിങ്ങനെയാണ്:

വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ച ദിവസം രാത്രിയോടെ സുധീരൻ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തി. നേതാക്കളുടെ അനുമോദനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ അവിടെ പാഞ്ഞെത്തി. കയ്യിൽ ഒരു പൂമാലയും ഉണ്ടായിരുന്നു. അന്നത്തെ ജില്ലാ കളക്ടർ ബി.മോഹനനായിരുന്നു അത്. വന്നപാടെ അദ്ദേഹം ആവേശത്തോടെ സുധീരനെ അനുമോദിച്ചശേഷം കയ്യിൽ കരുതിയ പൂമാലയും കഴുത്തിലണിയിച്ചു. അപ്പോൾ ആർക്കും അത് വലിയ കാര്യമായി തോന്നിയില്ലെങ്കിലും പിറ്റേദിവസം സംഭവം വാർത്താമാധ്യമങ്ങളിൽ നിറഞ്ഞതോടെ കളക്ടറുടെ നില പരുങ്ങലിലായി. അധികം വൈകാതെ അദ്ദേഹത്തിന്റെ കസേര തെറിക്കുകയും ചെയ്തു. ഈ മുൻപാഠം ഇപ്പോഴത്തെ കളക്ടർ ബ്രോയും ഓർക്കുന്നത് നന്നായിരിക്കുമെന്നാണ് നിഷ്പക്ഷമതികളുടെ പ്രതികരണം.