കൊല്ലം: കൊവിഡ് ദുരിതത്തിൽ പൊതുജനം വലയുമ്പോൾ നഗരവീഥികളിൽ യാത്രക്കാരെ ഭയപ്പെടുത്തി ബൈക്ക് അഭ്യാസികളുടെ സാഹസിക പ്രകടനങ്ങൾ. ബൈക്ക് സ്റ്റണ്ടിംഗ് എന്ന ഓമനപ്പേരിൽ വിളിപ്പിക്കപ്പെടുന്ന അഭ്യാസമുറകളിലൂടെ ലക്ഷങ്ങൾ വിലയുള്ള ഇരുചക്രവാഹനം ഒറ്റച്ചക്രത്തിൽ ഉൾപ്പെടെ പറപ്പിച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് ഇക്കൂട്ടർ.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് അഭ്യാസികളെയാണ് കൊല്ലം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് പിടികൂടിയത്. മൂന്ന് പേരിൽ നിന്ന് 5000 രൂപ വീതം പിഴയും ഈടാക്കി. കോളേജ് ജംഗ്ഷൻ മുതൽ കർബല ജംഗ്ഷൻ വരെയുള്ള റോഡിലാണ് സാഹസിക പ്രകടനങ്ങളുമായി അഭ്യാസികൾ എത്തുന്നത്. യുവതികൾ ഉൾപ്പെടെയുള്ള സംഘമാണ് ഗതാഗത നിയമങ്ങൾ മറികടന്ന് ജനങ്ങളെയും യാത്രക്കാരെയും വെല്ലുവിളിക്കുന്നത്.
കൊവിഡ് കാലത്തിന് മുമ്പും ഈ റോഡ് ഇവരുടെ വിനോദ പ്രകടനങ്ങളുടെ വേദിയായിരുന്നു. രൂപമാറ്രം വരുത്തിയ ബൈക്കുകളും പതിവായി ഇവിടെ എത്തിക്കുന്നുണ്ട്. നഗരത്തിലെ കപ്പലണ്ടിമുക്ക് ഉൾപ്പെടെയുള്ള മറ്റ് റോഡുകളും ഇത്തരക്കാരുടെ കേന്ദ്രങ്ങളായി മാറുകയാണ്.
പൊലീസിനെയും കൊവിഡിനെയും വെല്ലുവിളിക്കും
നാട്ടിലെങ്ങും കനത്ത പൊലീസ് പരിശോധന നടക്കുമ്പോഴും ഇത്തരക്കാർക്ക് നഗരത്തിൽ നിയമത്തെ വെല്ലുവിളിക്കാൻ അവസരം ലഭിക്കുന്നത് ശ്രദ്ധേയമാണ്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്ന ലാ കോളേജിന് മുന്നിലൂടെയുള്ള ബൈക്ക് അഭ്യാസത്തെ നിസാരവത്കരിക്കാനാകില്ല. കൊവിഡ് രോഗികളുമായി ആംബുലൻസ് വന്നുപോകുന്ന വഴിയിൽ പ്രതിരോധ പ്രവർത്തനങ്ങളെ അപ്പാടെ അട്ടിമറിക്കുന്ന തരത്തിലാണ് ഇവരുടെ ഇടപെടൽ.