bike

കൊല്ലം: സർക്കാർ വിലക്ക് ലംഘിച്ച് മോട്ടോർ സൈക്കിളുകളിലുള്ള മത്സ്യവിപണനം വ്യാപകമാകുന്നു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചെറുവഴികൾ കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്.

മിന്നൽ പോലെയാണ് ഇടവഴികളിലൂടെ മത്സ്യക്കച്ചവടക്കാർ കടന്നുപോകുന്നത്. ദിവസങ്ങളായി മത്സ്യം കിട്ടാത്തതിനാൽ കൊള്ളവിലയാണ് പലരും ഈടാക്കുന്നത്. ചോദിക്കുന്ന വില കൊടുത്ത് ആളുകൾ മത്സ്യം വാങ്ങുന്നുമുണ്ട്. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊഴിയാള, അയില, നെത്തോലി തുടങ്ങിയ മത്സ്യങ്ങളാണ് എത്തിയത്. സംസ്ഥാനത്തെ ഹാർബറുകളൊന്നും തുറക്കാത്തതിനാൽ മത്സ്യം അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചതാണെന്നാണ് സംശയം.

കൊവിഡ് ക്ഷണിച്ചു വരുത്തരുത്

തമിഴ്നാട്ടിൽ നിന്ന് മത്സ്യവുമായെത്തിയ ലോറിക്കാരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവിടുത്തെ കച്ചവർക്കാർക്ക് കൊവിഡ് പടർന്നത്. അവരിൽ നിന്ന് കുടുംബാംഗങ്ങളിലേക്കും ബന്ധുക്കളിലേക്കും അയൽവാസികളിലേക്കും രോഗം പടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീടുകൾ തോറുമുള്ള മത്സ്യക്കച്ചവടം താത്കാലികമായി നിരോധിച്ചത്. വീണ്ടും കൊവിഡ് വ്യാപനം ക്ഷണിച്ചു വരുത്തുന്ന തരത്തിലാണ് ചില മത്സ്യക്കച്ചവർക്കാർ നിയമം ലംഘിക്കുന്നത്.