plastic

 കൊവിഡ് പ്രതിരോധം മൂലമുണ്ടായ ജോലിഭാരം തിരിച്ചടിയായി

അഞ്ചാലുംമൂട്: സർക്കാർ ഉത്തരവിനെയും നിരോധനത്തെയും വെല്ലുവിളിച്ച് വിപണിയിൽ പ്ളാസ്റ്റിക് കാരിബാഗുകളും ഉത്പന്നങ്ങളും വീണ്ടും സജീവം. നിരോധനം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പരിശോധന കർശനമാക്കിയ അധികൃതർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ ലഭിച്ച അവസരം വ്യാപാരികൾ മുതലെടുക്കുകയാണ്.

അമിതമായ പ്ളാസ്റ്റിക് ഉപഭോഗം പരിസ്ഥിതിക്കും ആരോഗ്യത്തിനും ഉൾപ്പെടെ ദോഷമായപ്പോഴാണ് നിരോധനമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഉത്തരവിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങളിൽ നിരന്തരമായ പരിശോധനകൾക്ക് പുറമെ പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് നശിപ്പിക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിരുന്നു. എന്നാൽ കൊവിഡ് പിടിമുറുക്കിയത് പ്ളാസ്റ്റിക് നിരോധനമെന്ന ശക്തമായ സർക്കാർ തീരുമാനത്തിന് തിരിച്ചടിയായി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിശോധന കൃത്യമായി നടക്കില്ലെന്നുള്ള ധാരണയും അമിതമായ ലാഭവും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നതിന് വ്യാപാരികൾക്ക് പ്രചോദനമായി. പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന അൻപതിനായിരം രൂപ വരെ പിഴയീടാക്കാനാകുന്ന കുറ്റമാണെന്നിരിക്കെ എന്തിനാണ് ഇവ വിൽക്കുന്നതെന്ന ചോദ്യത്തിന്, 'നിരോധനം അവിടെ നിൽക്കും, പരിശോധനകളൊന്നും ഇപ്പോഴില്ലല്ലോ' എന്നാണ് നഗരത്തിലെ പ്രമുഖ വ്യാപാരി 'കേരളകൗമുദി'യോട് പ്രതികരിച്ചത്.

 വിലയോ തുച്ഛം

 ഒരു കിലോ: 120 - 160 രൂപ

പ്ളാസ്റ്രിക് കാരിബാഗുകൾക്ക് പകരം ഉപയോഗത്തിന് സർക്കാർ നിശ്ചയിച്ച പേപ്പർ, തുണി ബാഗുകളെക്കാൾ കാര്യമായ വിലക്കുറവിൽ യഥേഷ്ടം ലഭിക്കുന്നതിനാലാണ് വ്യാപാരികൾക്ക് ഇവയോട് പ്രിയം. ഒരു കിലോ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് 120 മുതൽ 160 രൂപ വരെയാണ് വിപണി വില. ഒരു കിലോയിൽ ഏകദേശം ഇരുന്നൂറോളം പ്ളാസ്റ്റിക് ബാഗുകൾ ലഭിക്കുകയും ചെയ്യും. തുണി, പേപ്പർ ബാഗുകളാണെങ്കിൽ ഒരെണ്ണത്തിന് അഞ്ച് മുതൽ ഇരുപത് രൂപ വരെയാകും.

 നിരോധനം: 2020 ജനുവരി ഒന്ന് മുതൽ

പ്ളാസ്റ്റിക് കാരിബാഗുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും ജനുവരി ഒന്ന് മുതൽ നിരോധിച്ചുകൊണ്ട് 2019 നവംബർ 27നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഡിസംബർ 17ന് ഉത്തരവിൽ വ്യക്തത വരുത്തി വീണ്ടും പ്രസിദ്ധീകരിച്ചു. എന്നാൽ നിരോധിച്ച പ്ളാസ്റ്റിക് ഉത്പന്നങ്ങളിൽ മിക്കതും ഇപ്പോഴും വിപണിയിൽ ലഭ്യമാണെന്നുള്ളതാണ് ശ്രദ്ധേയം.

 നിരോധിത പരിധിയിൽ ഇവ

01. എല്ലാവിധ പ്ലാസ്റ്റിക് കാരിബാഗുകൾ

02. പ്ലാസ്റ്റിക് ഷീറ്റ്സ്, തെർമ്മോക്കോൾ, സ്റ്റെറോഫോം എന്നിവ കൊണ്ട് നിർമ്മിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, സ്പൂണുകൾ, സ്ട്രോകൾ, ഫോർക്കുകൾ, ഡിഷുകൾ

03. പ്ലാസ്റ്റിക് കോട്ടിംഗുള്ള ബാഗുകൾ

04. നോൺവൂവൺ ബാഗുകൾ

05. പ്ലാസ്റ്റിക് ഫ്ളാഗുകൾ

06. ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ

07. 500 മില്ലി ലിറ്ററിൽ താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ

08. പി.വി.സി ഫ്ളക്സ്, പ്ലാസ്റ്റിക് പാക്കറ്റുകൾ