പുനലൂർ: വ്യാപാരശാല അടക്കുന്നതിനിടെ കച്ചവടക്കാരന്റെ മകനെ പൊലിസ് മർദ്ദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി 7മണിയോടെ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ബാബൂസ് ഫുട് വെയറിന്റെ ഉടമയുടെ മകൻ ഷാഹിനെ(27)യാണ് പൊലീസ് മർദ്ദിച്ചത്. കടയുടെ ഷട്ടർ പകുതി താഴ്ത്തിയ ശേഷം വേസ്റ്റുകൾ വാഹനത്തിലേക്ക് മാറ്റുന്നതിനിടെ സ്ഥലത്തെത്തിയ പൊലിസ് കടയടക്കാൻ താമസിച്ചതെന്താണെന്ന് റോഡിൽ നിന്ന ഷാഹിനോട് ചോദിച്ചു. ഇതിനിടെ കടയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ മകന്റെ ബനിയനിൽ പൊലിസ് കടന്ന് പിടിക്കുകയും ജീപ്പിന്റെ പുറകിലേക്ക് ഷാഹിനെ വലിച്ചിഴയ്ക്കുകയുമായിരുന്നെന്ന് പിതാവ് എ.എം.ഷാജി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജീപ്പിൽ വച്ച് ബോധം നഷ്ടപ്പെട്ട ഷാഹിനെ പൊലിസുകാർ തന്നെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഹിന്റെ കഴുത്തിൻെറ പിറകിൽ പരിക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ ക്ഷതമേൽക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു. വ്യാപാരിയുടെ മകനെ മർദ്ദിച്ച പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് പുനലൂർ ടൗണിലെ വ്യാപാരികൾ ഇന്നലെ കറുത്ത ബാഡ്ജ് ധരിച്ചു കരിദിനം ആചരിച്ചു. കുറ്റക്കാരായ എസ്.ഐയടക്കമുളള പൊലിസുകാർക്കെതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വ്യാപാരശാലകൾ അടച്ച് പണിമുടക്കിയ ശേഷം ഉപവാസ സമരം ആരംഭിക്കുമെന്നും പുനലൂർ മർച്ചന്റ് ചേംബർ പ്രസിഡന്റ് എസ്.നൗഷറുദ്ദീൻ അറിയിച്ചു.എന്നാൽ സമയം കഴിഞ്ഞിട്ടും വ്യാപാരശാല അടക്കാത്തതിനാൽ ഉടമയുമായി സംസാരം നടന്നതല്ലാതെ മറ്റ് സംഭവങ്ങൾ നടന്നിട്ടില്ലെന്ന് പുനലൂർ സി.ഐ.ബിനുവർഗീസ് അറിയിച്ചു.