കരുനാഗപ്പള്ളി : കടകളിലേക്കുള്ള പൊരിപ്പ് സാധനങ്ങളുമായി പോയ മാരുതി ഓമ്‌നി വാൻ കത്തി നശിച്ചു. തഴവ കടത്തൂർ പാഴൂർത്തങ്കയത്തിൽ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തഴവ, കടത്തൂർ നഴ്സറി മുക്കിന് സമീപം കുറ്റിയിൽ കഹാറിന്റെ വാനാണ് പൂർണമായും കത്തി നശിച്ചത്. 30,000 രൂപയുടെ പൊരിപ്പ് സാധനങ്ങൾ കത്തിനശിച്ചു. വാനിലുണ്ടായിരുന്ന സെയിൽസ്മാൻ ചൂനാട് സ്വദേശി നാസീരിന്റെ കാലിന് പൊള്ളലേറ്റു. ഡ്രൈവർ തൊടിയൂർ പുലി വടക്ക് തൈക്കൂടൻ നിഷാദ് പരിക്കുകളില്ലാതെ രക്ഷപെട്ടു. ക്ഷേത്രത്തിന് സമീപമുള്ള കടയിൽ സാധനം നൽകിയതിന് ശേഷം വണ്ടിയെടുത്തപ്പോഴാണ് തീകത്തിയത്. ബാറ്ററിയുടെ ഭാഗത്ത് നിന്നുണ്ടായ തീ വാനിനുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു.
കരുനാഗപ്പള്ളിയിൽ നിന്ന്അസി.സ്റ്റേഷൻ ഓഫീസർ വിനോദിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ കെടുത്തിയത്.