photo
കല്ലടയാറ്റിന് കുറുകേ ചെട്ടിയാരഴികത്ത് പാലത്തിനായി തൂണുകൾ നിർമ്മിക്കുന്നു

 ചെട്ടിയാരഴികത്ത് പാലം നിർമ്മാണം ആരംഭിച്ചു

കൊല്ലം: കൊല്ലത്തെയും പത്തനംതിട്ടയെയും ബന്ധിപ്പിച്ചുകൊണ്ട് കല്ലടയാറ്റിന് കുറുകേ നിർമ്മിക്കുന്ന ചെട്ടിയാരഴികത്ത് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കല്ലടയാറ്റിന് നടുവിലായി രണ്ട് തൂണുകളുടെ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണ്. മൂന്നാമത്തെ തൂണിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. താഴത്ത് കുളക്കട ഗ്രാമത്തെയും പത്തനംതിട്ട ജില്ലയിലെ മണ്ണടിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. എം.സി റോഡിൽ ഏനാത്ത് പാലത്തിൽ ഗതാഗത തടസമുണ്ടായാൽ കല്ലടയാറ് കടക്കാൻ ചെട്ടിയാരഴികത്ത് പാലം ഉപയോഗപ്പെടുത്താം. ഒന്നര വർഷത്തിനുള്ളിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം കുളക്കട, കടമ്പനാട് വില്ലേജുകളിലുള്ളവർ സൗജന്യമായി വിട്ടുനൽകിയതാണ്. മഠത്തിനാപ്പുഴ ബണ്ടുഭാഗത്ത് വീതികൂട്ടി വശങ്ങളിൽ കരിങ്കൽ അടുക്കി അബഡ്മെന്റിന്റെ നിർമ്മാണം തുടങ്ങി. മണ്ണടി ഭാഗത്ത് അബഡ്മെന്റ് കോൺക്രീറ്റ് ഘട്ടമെത്തിയിട്ടുണ്ട്.

11.22 കോടി രൂപയുടെ പദ്ധതി

താഴത്തുകുളക്കട, മാവടി, കുളക്കട കിഴക്ക് ഭാഗത്തുള്ളവർക്ക് അടൂർ, പത്തനംതിട്ട ഭാഗങ്ങളിലേക്കും തിരികെയും സഞ്ചരിക്കുന്നതിന് ചെട്ടിയാരഴികത്ത് പാലം പ്രയോജനപ്പെടും. 11.22 കോടി രൂപയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം നിർമ്മിക്കാനായി അനുവദിച്ചത്. 130.7 മീറ്റർ നീളമുള്ളതാണ് പാലം. ഒന്നര മീറ്റർ നടപ്പാത ഉൾപ്പടെ 11 മീറ്റർ വീതിയുണ്ടാകും. 805 മീറ്റർ അനുബന്ധ റോഡുകളും പൂർത്തിയാക്കും. ഇതിൽ മണ്ണടി ഭാഗത്ത് 380 മീറ്റർ നീളവും താഴത്തുകുളക്കട ഭാഗത്ത് 425 മീറ്റർ നീളവുമാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം ഓടകളും നിർമ്മിക്കും.

ചെട്ടിയാരഴികത്ത് പാലം

നീളം: 130.7 മീറ്റർ

വീതി: 11 മീറ്റർ (നടപ്പാത ഉൾപ്പടെ)​

നടപ്പാത: 1.5 മീറ്റർ‌

തൂണുകളുടെ ഉയരം കൂട്ടും

നാല് സ്പാനുകളാണ് ആകെയുള്ളത്. രണ്ടെണ്ണം 32 മീറ്റർ നീളത്തിലും മറ്റ് രണ്ടെണ്ണം 20.75 മീറ്ററിലുമായിരിക്കും. ആദ്യം തയ്യാറാക്കിയ പ്ളാനിനേക്കാൾ തൂണുകളുടെ ഉയരം കൂട്ടാനാണ് തീരുമാനം. കല്ലടയാറ്റിലെ ജലനിരപ്പ് കണക്കിലെടുത്താണ് ഉയരം കൂട്ടുന്നത്. കഴിഞ്ഞ പ്രളയകാലത്ത് സാധാരണയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നിരുന്നു. ആ സ്ഥിതി ഇനിയുമുണ്ടായാൽ പാലത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന വിലയിരുത്തലോടെയാണ് ഉയരം കൂട്ടാൻ തീരുമാനിച്ചത്.

കാലാവസ്ഥ പ്രതികൂലം

പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. മഴ കനക്കുന്നതാണ് ഇപ്പോൾ വലിയ ബുദ്ധിമുട്ട്. കൊവിഡിന്റെ പ്രശ്നങ്ങളുമുണ്ട്.

പി. ഐഷാപോറ്റി എം.എൽ.എ