പുനലൂർ: കൊവിഡ് വ്യാപനങ്ങളെ തുടർന്ന് പുനലൂർ ശ്രീരാമപുരം മാർക്കറ്റിന്റെ പ്രവർത്തനങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ന് മുതൽ രാവിലെ 7 മുതൽ ഉച്ചക്ക് രണ്ട് വരെ മാർക്കറ്റ് പ്രവർത്തിക്കും. നഗരസഭ ചെയർമാൻ കെ .എ ലത്തിഫ്, പുനലൂർ സി.ഐ.ബിനുവർഗീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാർക്കറ്റിലെ വ്യാപാരികളുടെ യോഗത്തിലാണ് തീരുമാനമായത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കയറ്റി മാർക്കറ്റിൽ എത്തുന്ന വാഹനങ്ങളുടെയും ഹാർബറിൽ നിന്നും മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങളുടെ ഡ്രൈവറൻമാരും വണ്ടി കളിൽ നിന്നും മാർക്കറ്റിനുള്ളിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചു.മാർക്കറ്റിൽ എത്തുന്ന എല്ലാ വാഹനങ്ങളെയും ശുചീകരിച്ചു അണു വിമുക്തമാക്കും.പിന്നീട് സാധനങ്ങൾ ഇറക്കും. മാർക്കറ്റിനുള്ളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കും, സെയിൽസ്മാൻ മാർക്കും കടയുടമയുടെ ചെലവിൽ സാനിറ്റൈസറും കൈ കഴുകാൻ വെള്ളവും നൽകണം.മാർക്കറ്റിൽ എല്ലാ ദിവസവും ലോഡുകളുമായി എത്തുന്ന വാഹനങ്ങൾ രാവിലെ 5 മണി മുതൽ 7 മണി വരെയുള്ള സമയത്തിനുള്ളിൽ സാധനങ്ങൾ ഇറക്കിയ ശേഷം തിരികെ പോകണം. എന്നാൽ രാവിലെ 7 ന് വാഹനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തണം.തുടർന്ന് 8 ന് മടങ്ങി തിരികെ മടങ്ങി പോകണം. മത്സ്യ വ്യാപാരികൾ മാർക്കറ്റിനുള്ളിലെ മത്സ്യ മാർക്കറ്റിൽ വച്ചു മാത്രമെ കച്ചവടം നടത്താൻ പാടുള്ളു. മാർക്കറ്റിന് മുന്നിലും പാതയോരങ്ങളിലും മത്സ്യം വിൽക്കുന്നത് നഗരസഭ കർശനമായി നിരോധിച്ചിട്ടുണ്ട്. മത്സ്യവുമായി എത്തുന്ന വാഹനങ്ങൾ മത്സ്യ മാർക്കറ്റിൽ ഇറക്കിയ ശേഷം സമീപത്തെ വർഷ ഓഡിറ്റോറിയത്തിന് മുന്നിലൂടെയുള്ള റോഡ് വഴി കടന്നു ദേശീയ പാതയിൽ എത്തണം.പുനലൂരിലും സമീപ പ്രദേശങ്ങളിലും നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ശ്രീരാമപുരം മാർക്കറ്റിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇത് ലംഘിക്കുന്ന വ്യാപാരികളുടെ ലൈസൻസ് ഉൾപ്പെടെയുള്ളവ റദ്ദു ചെയ്യുമെന്ന് നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ് അറിയിച്ചു.