covid

കൊല്ലം: നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ ഡയാലിസിനെത്തിയ ഒരു രോഗിയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാവനാട് സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ സ്രവപരിശോധനയെ തുടർന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയിൽ ഡയാലിസിനെത്തിയ ചവറ താന്നിമൂട് സ്വദേശിയായ ഒരു രോഗിക്കും ആശുപത്രി ജീവനക്കാരിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം പൂർണമായും വ്യക്തമായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് റുബൈദത്ത് വെളിപ്പെടുത്തി. കഴിഞ്ഞ 31ന് തീവ്രരോഗവ്യാപനമേഖലയായിരുന്ന താന്നിമൂട്ടിൽ നിന്ന് ഡയാലിസിസിനെത്തിയ രോഗിയിൽ നിന്നാകാം ജീവനക്കാരിക്ക് രോഗം പകർന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം. ജീവനക്കാരിയിൽ നിന്നുണ്ടായ സമ്പ‌ർക്കമാകാം കാവനാട് സ്വദേശിക്ക് രോഗം പകരാനിടയായതെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് വൃക്കരോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചത്.

ഡയാലിസിസ് യൂണിറ്റ് അടച്ചു

കൊവിഡ് സ്ഥിരീകരിച്ചതോടെ ഡയാലിസിസ് രോഗികളെ രണ്ടുപേരെയും പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി ജീവനക്കാരിയെ കരുനാഗപ്പള്ളിയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചതായും സൂപ്രണ്ട് വെളിപ്പെടുത്തി. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അണുവിമുക്തമാക്കിയശേഷംരണ്ട് ദിവസത്തേക്ക് അടച്ചിട്ടു.വെള്ളിയാഴ്ച മുതൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കും. ഫൗണ്ടേഷൻ ആശുപത്രിയിലെ മറ്ര് യൂണിറ്റുകളെല്ലാം പതിവ് പോലെ പ്രവ‌ർത്തിക്കുമെന്നും രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സൂപ്രണ്ട് പറഞ്ഞു.