kollam-corporation

കൊല്ലം: നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തിയ സംഭവത്തിൽ സി.പി.ഐ നഗരസഭാ സബ് കമ്മിറ്റി യോഗത്തിൽ മേയർക്കെതിരെ വിമർശനം ഉയർന്നു. തിര‌ഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗത്തിൽ ചില അംഗങ്ങൾ മിനിട്സ് തിരുത്ത് വിവാദം അജണ്ടയാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ചുറ്റുമതിൽ നിർമ്മിക്കാനുള്ള പദ്ധതി നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തി അട്ടിമറിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിൽ പറഞ്ഞതുപോലെ താൻ മിനിട്സ് തിരുത്തിയിട്ടില്ലെന്ന് മേയർ ആവർത്തിച്ചു. ചില സി.പി.എം നേതാക്കളാണ് ആരോപണത്തിന് പിന്നിലെന്നും മേയർ ആരോപിച്ചു. മിനിട്സ് തിരുത്ത് നഗരത്തിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇതോടെ ഇന്ന് നഗരസഭാ പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.

സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. നഗരസഭാ പരിധിയിലുള്ള സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളാണ് നഗരസഭാ സബ് കമ്മിറ്റിയിലുള്ളത്. ഇന്ന് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നഗരസഭാ യോഗത്തിൽ നിശബ്ദത പാലിച്ച സി.പി.ഐ കൗൺസിലർമാർ മേയർക്കെതിരെ രംഗത്തെത്തിയേക്കും.