കൊട്ടാരക്കര മേഖലയിൽ 9 പേർക്ക് കൊവിഡ്
കൊല്ലം: കൊട്ടാരക്കര മേഖലയിൽ ഒൻപത് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ ശുചീകരണ തൊഴിലാളിയടക്കം അഞ്ചുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശുചീകരണ തൊഴിലാളിയ്ക്ക് രോഗം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുസ്ളീം സ്ട്രീറ്റിലാണ് രണ്ടുപേർക്ക് പോസിറ്റീവായത്. ഇടവേളയ്ക്ക് ശേഷം വെട്ടിക്കവല തലച്ചിറയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. എഴുകോൺ, മൈലം പഞ്ചായത്തുകളിലും ഓരോരുത്തർക്ക് പോസിറ്റീവായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെ 97 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ഇതിൽ പൂയപ്പള്ളി, വെളിയം പഞ്ചായത്തുകളിലുള്ള ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. നെടുവത്തൂരിൽ സമ്പർക്കത്തിലൂടെ രോഗ വ്യാപനസാദ്ധ്യതയുള്ള കുടുംബത്തിന്റെ പരിശോധനാ ഫലം ഇനിയും വന്നിട്ടില്ല. പ്രദേശത്ത് കണ്ടെയ്ൻമെന്റ് സോണാക്കി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഐ.ജി സന്ദർശിച്ചു
കൊട്ടാരക്കരയിലെ കണ്ടെയ്മെന്റ് സോണുകളിൽ ഐ.ജി ഹർഷിത അട്ടല്ലൂരി സന്ദർശിച്ചു. കൊട്ടാരക്കര നഗരസഭാ പരിധിയിലെ മുസ്ളീം സ്ട്രീറ്റ്, അവണൂർ ഭാഗങ്ങളിലാണ് ഐ.ജി എത്തിയത്. കർശന സുരക്ഷാ സംവിധാനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തി. റോഡുകൾ അടച്ചതും നിരത്തുകളിൽ പൊലീസിനെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചതും ഉൾപ്പടെ തൃപ്തികരമായ പ്രവർത്തനമെന്നാണ് വിലയിരുത്തിയത്. റൂറൽ എസ്.പി ഹരിശങ്കറും ഡിവൈ.എസ്.പിമാരും ഒപ്പമുണ്ടായിരുന്നു.
പട്ടാഴിയിൽ വീട്ടമ്മയ്ക്ക് കൊവിഡ്
പത്തനാപുരം :പട്ടാഴിയിൽ വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്ത് പൂർണമായും അടച്ചു.
പട്ടാഴി കന്നിമേൽ കോളൂർ മുക്ക് ഭാഗത്താണ് വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതോടെ പട്ടാഴിയിലേക്കുളള മൂന്ന് പാലങ്ങളും,റോഡുകളും അടച്ചു.പട്ടാഴി പിടവുർ റൂട്ടിലെ തണ്ടാൻ കടവ് പാലം,പട്ടാഴി വടക്കേക്കരയുമായി ബന്ധിപ്പിക്കുന്ന ഇടക്കടവ് പാലം, ആറാട്ടുപുഴ പാലം എന്നിവയും മെതുകുംമേൽ ഏനാത്ത് റോഡ്,പുത്തൂർ മുക്ക് എന്നീ റോളുകളുമാണ് പൂർണമായും അടച്ചത്. കോളൂർമുക്ക് ഭാഗവും അടച്ചു. കടുവാത്തോട് കുണ്ടയം പാത നേരത്തെ അടച്ചിരുന്നു.കുന്നിക്കോട് പട്ടാഴി,മൈലം പട്ടാഴി റോഡുകൾ പൊലീസ് നിയന്ത്രണത്തിലാക്കി.പട്ടാഴി പഞ്ചായത്തിൽ നിന്നുള്ള അവശ്യസർവീസുകൾ മാത്രമാണ് പൊലീസ് നിയന്ത്രണത്തിലുള്ള റോഡുകളിലൂടെ അനുവദിക്കുക.