x

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുളമട കഴുത്തുംമൂട് സ്വദേശിയായ ആരോഗ്യപ്രവർത്തകയ്ക്കും കല്ലുവാതുക്കൽ ഉൗഴായിക്കോട് സ്വദേശിയായ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകയുടെ സഹപ്രവർത്തകയ്ക്ക് രോഗം കണ്ടെത്തിയതോടെ കഴിഞ്ഞ 25 മുതൽ ഇവർ വീട്ടിൽ നീരീക്ഷണത്തിലായിരുന്നു.

തുടർന്ന് 27ന് നടന്ന പരിശോധനയുടെ ഫലം നെഗറ്റീവായതിനാൽ ഇവർ പുറത്തിറങ്ങി. വീണ്ടും രോഗലക്ഷണം പ്രകടിപ്പിച്ചതോടെ കഴിഞ്ഞ 3ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ പോസിറ്റീവായത്. ഉൗഴായിക്കോട് സ്വദേശിയായ യുവാവ് അടിപിടിക്കേസിൽ റിമാൻഡിലായി ജില്ലാ ജയിലിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 30ന് ആണ് സ്ഥലത്തെത്തിയത്. രോഗലക്ഷണം കാട്ടിയതിനെ തുടർന്ന് 1ന് നടന്ന പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇരുവരെയും ഇന്നലെ ജില്ലാ ഹോക്കിസ്റ്റേഡിയത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള മുപ്പതോളം പേരുടെ സാമ്പിളുകൾ ഇന്നും തിങ്കളാഴ്ച്ചയുമായി പരിശോധിക്കും. കല്ലുവാതുക്കൽ പഞ്ചായത്തിൽ പ്രവാസികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു

ഇവർ സന്ദർശിച്ച മടത്തറ റോഡിലെ പെട്രോൾ പമ്പ്, പാരിപ്പള്ളിയിലെ നാല് വ്യാപാരസ്ഥാപനങ്ങൾ, കല്ലുവാതുക്കലിലെ രണ്ട് വ്യാപാരസ്ഥാപനം എന്നിവ പാരിപ്പള്ളി പൊലീസ് അടപ്പിച്ചു.