കൊല്ലം: അഭിനയകലയിൽ മലയാളത്തിന്റെ അഭിമാനമായിരുന്ന ഭരത് മുരളി സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ എം.എ. ബേബിയ്ക്ക് ഉറ്റ സുഹൃത്തായിരുന്നു. മുരളി മരിച്ചിട്ട് പതിനൊന്ന് വർഷം തികയുമ്പോൾ സൗഹൃദത്തിന്റെ മധുര നിമിഷങ്ങൾ ഓർക്കുകയാണ് മുൻമന്ത്രി കൂടിയായ എം.എ.ബേബി. ആലപ്പുഴയിൽ പാർലമെന്റ് സ്ഥാനാർത്ഥിയായി സി.പി.എം മുരളിയെ തീരുമാനിച്ചതിന് പിന്നിലും എം.എ. ബേബിയുടെ പങ്കുണ്ട്. കേരള സർവകലാശാലയിലെ ജോലി രാജിവച്ചശേഷമായിരുന്നു വി.എം. സുധീരനെതിരെ അന്ന് അങ്കത്തട്ടിലിറങ്ങിയത്. 2006ൽ എം.എ. ബേബി കുണ്ടറ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ മുഴുവൻ സമയ പ്രവർത്തകനായി മുരളിയും ഒപ്പമുണ്ടായിരുന്നു. മുരളിയിലെ നടനെ മാത്രമല്ല എഴുത്തുകാരനെയും തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്ന് എം.എ. ബേബി തന്നെ പറഞ്ഞിട്ടുണ്ട്. അഭിനയത്തിന്റെ രസതന്ത്രം എന്ന കൃതി അഭിനയ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന മലയാളത്തിലെ മികച്ച രചനകളിൽ ഒന്നാണ്. കേരള സംഗീത നാടക അക്കാഡമി ചെയർമാനായിരിക്കുമ്പോഴാണ് മുരളി അന്തരിച്ചത്. ഏഷ്യൻ തിയേറ്റർ ഫെസ്റ്റിവൽ എന്ന മുരളിയുടെ ആശയമാണ് പിന്നീട് ലോക തിയേറ്റർ ഫെസ്റ്റിവലായി വികസിപ്പിക്കപ്പെട്ടത്. അഭിനയ മികവിന് 2002ൽ ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. നെയ്ത്തുകാരനിലൂടെയാണ് ആ വലിയ അംഗീകാരം നെറുകയിൽ ചൂടിയത്. നാല് തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും മൂന്നുതവണ സഹനടനുള്ള അവാർഡും നേടുകയുണ്ടായി. രാഷ്ട്രീയമായി ഒരേ പാതയിൽ സഞ്ചരിച്ചപ്പോഴും ആരോഗ്യപരമായ വിമർശനങ്ങൾ മുരളി നടത്താറുണ്ടായിരുന്നെന്ന് എം.എ. ബേബി ഓർക്കുന്നു.