കൊല്ലം: കൊവിഡിനെ കൂസാതെ ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ എക്സൈസ് ഇക്കുറി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ രൂപം മാറ്റും. കൊവിഡ് ഭീതിയിൽ സ്പെഷ്യൽ ഡ്രൈവ് സംബന്ധമായി സേനാംഗങ്ങളിലുണ്ടായ ആശങ്ക അസ്ഥാനത്താക്കി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സേന ഇക്കുറിയും പഴയപടി പരിശോധനയുണ്ടാവും. പി.പി.ഇ കിറ്റ്, ഫേയ്സ് ഷീൽഡ്, മാസ്ക്, ഗ്ളൗസ് ,സാനിട്ടൈസർ തുടങ്ങിയവ ഉപയോഗിച്ച് ഒരേസമയം കൊവിഡിനെയും ലഹരിയെയും തുരത്താനുള്ള തയ്യാറെടുപ്പുകളോടെയാകും ഇത്തവണ ഓണക്കാല പൂർവ പരിശോധന.
അതിർത്തികളിലും നിരത്തുകളിലും മുൻവർഷങ്ങളുണ്ടായിരുന്ന അത്രയും പരിശോധനാ സംഘങ്ങൾ ഇത്തവണയുമുണ്ടാകും. ഓരോ വകുപ്പുകളും അവരവരുടെ സ്വന്തം നിലയിലാകും പരിശോധന. സംസ്ഥാന ജില്ലാ അതിർത്തികളിൽ എക്സൈസിന് പുറമേ പൊലീസ്, റവന്യൂ, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ പരിശോധനാസംഘങ്ങളും സജീവമായുണ്ടാകും. പത്താം തീയതി മുതൽ സെപ്തംബർ ആദ്യ ആഴ്ചയുടെ വരെയാകും സ്പെഷ്യൽ ഡ്രൈവ് നടക്കുക.
ബെവ്കോ ആപ്പ് മുഖാന്തിരം പാഴ്സലായി മാത്രം മദ്യം വിതരണം ചെയ്യുന്ന സാഹചര്യത്തിൽ ഇത്തവണ ഓണത്തിന് അതീവ ജാഗ്രത പുലർത്തണമെന്ന് ഇന്റലിജൻസ് വിഭാഗം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ബാറുകളിലും ബീവറേജസുകളിലും പാഴ്സലായി മദ്യം വിതരണം ചെയ്യുന്ന സമയം ദീർഘിപ്പിക്കാൻ ആലോചിച്ചുകൊണ്ടിരിക്കെ വ്യാജ മദ്യത്തിന്റെ കടന്നുവരവ് കർശനമായി തടയാനാണ് എക്സൈസിന്റെ നീക്കം. മുൻവർഷങ്ങളിലേതുപോലെ താലൂക്ക് തലങ്ങളിൽ ചേരാറുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇത്തവണ ഓൺലൈനായി നടത്താനും കൺട്രോൾ റൂമുകളും സ്ക്വാഡ്, സ്ട്രൈക്കിംഗ് ഫോഴ്സ് , പട്രോളിംഗ് സ്ക്വാഡുകൾ എന്നിവയെ യഥാവിധം വിന്യസിക്കാനുമാണ് തീരുമാനം.