ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ ആശ്വാസം
കൊല്ലം: പച്ചക്കറി വിപണിയിലെ തുടർച്ചയായ വിലക്കുറവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നു. ലോക്ക്ഡൗണിന്റെ ആദ്യനാളുകളിൽ കുത്തനെ ഉയർന്ന പച്ചക്കറി വിലയിൽ തുടർന്നുണ്ടായ കുറവ് വിപണന കേന്ദ്രങ്ങൾ തുറക്കാൻ പലർക്കും പ്രചോദനമായി.
തമിഴ്നാട്, സംസ്ഥാനത്തെ മലയോര ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വരവിൽ ലോക്ക്ഡൗൺ പ്രതിസന്ധിക്കിടയിലും കുറവുണ്ടായിട്ടില്ല. ജില്ലയിലേക്ക് ആവശ്യമായ സാധനങ്ങൾ കൃത്യമായി എത്തുന്നതിനാൽ ചെറുകിട വില്പന കേന്ദ്രങ്ങളിലും വിലക്കുറവ് പ്രകടമാണ്.
ലോക്ക്ഡൗണിന്റെ ആദ്യനാളുകളിൽ നൂറ് രൂപയുടെ പച്ചക്കറി കിറ്റ് കിട്ടാനില്ലായിരുന്നു. എന്നാലിപ്പോൾ 39 രൂപയുടെയും 49 രൂപയുടെയും കിറ്റുകൾ സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സുലഭമാണ്. ഇതേ വിലനിലവാരം ഓണവിപണിയിലും തുടരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
വിലക്കുറവിൽ ഹോർട്ടികോർപ്പ് പിന്നിൽ
ഹോർട്ടികോർപ്പിനേക്കാൾ വിലക്കുറവിൽ പച്ചക്കറി ലഭ്യമാക്കുന്ന സൂപ്പർ മാർക്കറ്റുകളും വില്പന കേന്ദ്രങ്ങളും പൊതുവിപണിയിലുണ്ട്. അതേസമയം വിവിധ ജില്ലകളിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഗുണനിലവാരം കൂടിയ പച്ചക്കറികളാണ് തങ്ങളുടെ ഔട്ട്ലെറ്റുകളിൽ നിന്ന് ലഭ്യമാക്കുന്നതെന്ന് ഹോർട്ടികോർപ്പ് അധികൃതർ പറയുന്നു. വിപണിയിലെ വിലക്കുറവ് പരിഗണിക്കാതെ ഇപ്പോഴും വില കൂട്ടി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്വകാര്യ വില്പന കേന്ദ്രങ്ങളുമുണ്ടെന്നതും ശ്രദ്ധേയമാണ്.
വഴിയോര വില്പനക്കാർ സജീവം
1. ഉപജീവനം നഷ്ടമായവരിൽ കൂടുതലും പച്ചക്കറി വില്പനയിലേക്ക്
2. വഴിയോരങ്ങളിൽ ചെറുകിട വില്പന കേന്ദ്രങ്ങൾ സജീവം
3. കാറുകളിൽ ഉൾപ്പെടെ പച്ചക്കറിയുമായി സംഘങ്ങൾ
4. ഗ്രാമങ്ങളിൽ നൂറുരൂപാ കിറ്റിന് ആവശ്യക്കാരേറി
4. പലരും ബസ്, ആട്ടോ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ
100 രൂപയ്ക്ക് 5 -6 കിലോ സവാള
ഒരു ഘട്ടത്തിൽ പൊന്നും വിലയുണ്ടായിരുന്ന സവാളയ്ക്കാണ് പച്ചക്കറി വിപണിയിൽ ഇപ്പോൾ ഏറ്റവും വിലക്കുറവ്. 18 രൂപ മുതൽ 20 രൂപ വരെയാണ് ഒരു കിലോ വില. കഴിഞ്ഞ ദിവസം 99 രൂപയ്ക്ക് ആറ് കിലോ സവാള നൽകിയ സ്ഥാപനങ്ങളും ജില്ലയിലുണ്ട്.
ക്രമ നമ്പർ, ഇനം, ഹോർട്ടികോർപ്പ്, പൊതുവിപണി വില
1. സവാള - 20, 20
2. ഉരുളക്കിഴങ്ങ് - 47, 36
3. തക്കാളി - 35, 30
4. അമര പയർ - 28, 28
5. വെണ്ട - 25, 28
6. ചെറിയ ഉള്ളി - 48, 40
7. കത്തിരിക്ക - 32 , 30
8. മത്തൻ - 22 , 20
9. ബീൻസ് - 60, 70
10. കാരറ്റ് - 45, 68
11. കാബേജ് - 25, 40
12. ബീറ്റ്റൂട്ട് - 42, 40
''
കർഷകരിൽ നിന്ന് സംഭരിക്കുന്ന ഗുണനിലവാരമുള്ള വിളകളാണ് ഹോർട്ടികോർപ്പ് ഔട്ട്ലെറ്റുകളിലുള്ളത്.
വി.എസ്. മധു, ജില്ലാ മാനേജർ, ഹോർട്ടികോർപ്പ്
''
പച്ചക്കറിക്ക് പൊതുവെ വിലക്കുറവാണ്. ദിവസവും ആവശ്യത്തിന് പച്ചക്കറി ലോഡ് എത്തുന്നുണ്ട്.
സെയ്ഫുദ്ദീൻ, പച്ചക്കറി മൊത്തവ്യാപാരി, കൊല്ലം