കൊല്ലം: ഭക്ഷ്യവസ്തുക്കളിലെ മായം പിടികൂടാൻ ജില്ലയിലെത്തിച്ച ഫുഡ് സേഫ്ടി മൊബൈൽ ലാബിന്റെ ഇന്ധനചെലവിന് പണം അനുവദിക്കാനുള്ള ശുപാർശ ചുവപ്പ് നാടയിൽ കുടുങ്ങി. വാഹനത്തിന് ഡീസൽ നിറയ്ക്കാനും ലാബിന്റെ പ്രവർത്തനത്തിനുള്ള ജനറേറ്ററിന് പെട്രോളിനും ആവശ്യമായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അസി. ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഓഫീസിലേക്ക് അയച്ച അപേക്ഷയിലാണ് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തത്.
നിരത്തിലിറങ്ങാൻ ഡീസലില്ലാതെ മൊബൈൽ ഭക്ഷ്യസുരക്ഷാ ലാബ് ഇപ്പോൾ കട്ടപ്പുറത്തായ അവസ്ഥയാണ്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തി ആദ്യ ഏതാനും ദിവസം കൊല്ലം നഗരത്തിലും ചാത്തന്നൂർ, പാരിപ്പള്ളി, പുനലൂർ, ആര്യങ്കാവ് എന്നിവിടങ്ങളിലും പരിശോധന നടത്തി മടങ്ങിവന്നപ്പോൾ സ്റ്റോക്കുണ്ടായിരുന്ന ഇന്ധനം കാലിയായതാണ് വാഹനത്തെ ഷെഡിലാക്കിയത്. ഇന്ധനത്തിനാവശ്യമായ പണത്തിനുള്ള അനുമതി തേടി അസി. കമ്മിഷണർ മേലുദ്യോഗസ്ഥന് സമർപ്പിച്ച ശുപാർശ ലോക്ക് ഡൗൺ നിയന്ത്റണത്തിലകപ്പെട്ട തലസ്ഥാന നഗരിയിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണേറ്റിൽ ആരുടെ മേശപ്പുറത്തെത്തിയെന്ന് ആർക്കും നിശ്ചയമില്ലാത്ത സ്ഥിതിയാണ്. ഓണത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എണ്ണയും മറ്രും ധാരാളമായി കേരളത്തിലെ കമ്പോളങ്ങളിലേക്ക് എത്തുന്ന സമയമാണിപ്പോൾ. ഭക്ഷ്യ എണ്ണകളിലെയും പാൽ, കുടിവെള്ളം എന്നിവയിലെയും മായം കൈയോടെ പിടികൂടാനും മറ്ര് വസ്തുക്കളുടെ സാമ്പിൾ ശേഖരിക്കാനും സൗകര്യമുള്ള വാഹനം കയറ്റിയിട്ടിരിക്കുന്നത് തട്ടിപ്പുകാർക്ക് സൗകര്യമാണ്. കൊവിഡ് കാലമായതിനാൽ ആര്യങ്കാവിൽ ഫുഡ് സേഫ്ടി ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി താമസിക്കാനുള്ള കെട്ടിടമില്ലാത്തതും അവിടെ ക്യാമ്പ് ചെയ്തുള്ള പരിശോധനകൾക്ക് മറ്റൊരു തടസമാണ്.
''
വാഹനത്തിനാവശ്യമായ ഇന്ധനത്തിനുള്ള ഫണ്ട് അനുവദിക്കുക മാത്രമാണ് ലാബിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള മാർഗം. അത്യാവശ്യ സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥർക്ക് സ്വന്തം നിലയിൽ പണം ചെലവഴിക്കാമെങ്കിലും ഓണം പോലുള്ള അവസരത്തിൽ അപ്രായോഗികമാണ്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ