കൊവിഡിന് പിന്നാലെ തോരാമഴ
കൊല്ലം: കൊവിഡ് ഭീതിക്കും നിയന്ത്രണങ്ങൾക്കും പുറമേ മഴ കൂടി കനത്തതോടെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ജന ജീവിതം ദുസഹമായി. ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ തൊഴിൽ മേഖലകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷവും സജീവമാകാത്തത് കടുത്ത ദാരിദ്ര്യത്തിനും തൊഴിലില്ളായ്മക്കും ഇടയാക്കിയിരിക്കുകയാണ്.
ഓണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ പരമ്പരാഗത തൊഴിൽ മേഖലകളും കാർഷിക, നിർമ്മാണ, വ്യാപാര, വാണിജ്യ രംഗങ്ങളും തീർത്തും നിശ്ചലമാണ്. ഗൾഫ് നാടുകളടക്കം വിദേശരാജ്യങ്ങളും കൊവിഡ് പ്രതിസന്ധിയിലായതോടെ വിദേശങ്ങളിൽ നിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞതാണ് നിർമ്മാണ മേഖലയെയും വ്യാപാരത്തെയും പ്രതിസന്ധിയിലാക്കിയത്. ലോക്ക് ഡൗണിന് ശേഷം കൊവിഡ് വ്യാപനം തടയാൻ നഗരങ്ങളും നാട്ടിൻപുറങ്ങളും വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിച്ച് ട്രിപ്പിൾ ലോക്ക് ഡൗണിലാക്കിയതോടെ ജനജീവിതം പൂർണമായും നിശ്ചലമായി. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ പേരിലാണ് നിയന്ത്രണങ്ങൾ കടുത്തതെങ്കിലും രോഗമോചനത്തിന് ശേഷവും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താത്തത് ആളുകൾ ഒറ്റപ്പെടുന്നതിന് ഇടയാക്കി.
റോഡുകൾ അടച്ചതോടെ ഇവിടങ്ങളിൽ നിന്ന് ദിവസക്കൂലിക്കാരുൾപ്പെടെയുള്ളവർക്ക് പുറത്ത് ജോലിക്ക് പോകാൻ കഴിയാതായി. നാട്ടിൻപുറങ്ങളിൽ കാർഷിക മേഖലയിൽ കൃഷിപ്പണികൾ വൻതോതിൽ കുറഞ്ഞു. വിപണികൾ നിലച്ചതും ഉത്പന്നങ്ങൾക്ക് വിലയില്ലാതായതും കർഷകരെ തളർത്തി. പാറ, മെറ്റൽ, പാറപ്പൊടി, ഗ്രാവൽ തുടങ്ങിയ വസ്തുക്കളുടെ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമാണ് നിർമ്മാണ മേഖലയിലെ തകർച്ചയ്ക്ക് കാരണം.
ആളുകൾ കൂട്ടംകൂടുന്നതിനുള്ള നിയന്ത്രണം കാരണം ജില്ലയിലെ പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, കശുഅണ്ടി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ചകിരി, കശുഅണ്ടി എന്നിവയുടെ ക്ഷാമവും സാമൂഹിക അകലം പാലിക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് സ്ത്രീകളുടെ പ്രധാന കൈത്തൊഴിൽ മേഖലകളെ തളർത്തിയത്. എങ്ങും ദുരിതത്തിന്റെ ചിത്രങ്ങൾ മാത്രമാണ് പങ്കുവയ്ക്കാനുള്ളത്.
നാടിന്റെ അവസ്ഥ
1. വാഹനങ്ങൾ ഓട്ടമില്ലാതെ കയറ്റിയിട്ടതോടെ ഡ്രൈവർമാരും കുടുംബങ്ങളും പട്ടിണിയിൽ
2. പ്രൈവറ്ര് സ്കൂൾ - ട്യൂഷൻ സെന്റർ, കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് പൂട്ടുവീണു
3. വ്യാപാര മേഖല ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു
4. തുണിക്കടകൾ, സ്വർണാഭരണ ശാലകൾ എന്നിവിടങ്ങളിൽ യാതൊരു ഉൻമേഷവും ഇല്ല
5. ആഘോഷങ്ങൾ ചടങ്ങുകളിലൊതുങ്ങിയത് പ്രതീക്ഷകൾ ഇല്ലാതാക്കി
''
കൊവിഡ് കെടുതികളിൽ നിന്ന് കരകയറാനാകാതെ വലയുമ്പോൾ മുൻവർഷങ്ങളിലെ പ്രളയ സമാനമായ മഴയുടെ മുന്നറിയിപ്പുകൾ സമസ്ത രംഗങ്ങളെയും നിശ്ചലമാക്കി.
പ്രഭാകരൻ, കൊല്ലം