ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ജനങ്ങളുടെ ദീർഘകാലാഭിലാഷമാണ് സ്വന്തമായി ഒരു അങ്കണവാടി. നാട്ടുകാരുടെ ആ സ്വപ്നം യാഥാർഥ്യമാകുകയാണിപ്പോൾ. അങ്കണവാടി കെട്ടിടത്തിനായി മൂന്ന് സെന്റ് സ്ഥലം പ്രവാസി വ്യവസായി ഇടച്ചിറയിൽ മധുവും കുടുംബവും സൗജന്യമായി നൽകി. മധുവിന്റെ അച്ഛൻ ജനാർദ്ദനിൽ നിന്നും വസ്തുവിന്റെ രേഖകൾ ഗ്രാമപഞ്ചായത്തംഗം ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഏറ്റുവാങ്ങി. കെട്ടിടം നിർമ്മിക്കുന്നതിന് 16 ലക്ഷം രൂപ ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ചു. പഞ്ചായത്തിന് അങ്കണവാടി നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ ഇടച്ചിറയിൽ ജനാർദ്ദനനേയും മകൻ മധുവിനേയും ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം ഇക്ബാൽ ആദരിച്ചു. ബി.ജെ.പി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പഞ്ചായത്ത് സമിതി സെക്രട്ടറി ഹരിദാസ് ഭാസ്കർ, റജി, ബിജു എന്നിവർ നേതൃത്വം നൽകി.