photo
കുളവാഴകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്ന ഒന്നാം തഴത്തോട്.

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധയിലൂടെ കടന്ന് പോകുന്ന തഴത്തോടുകളിലെ വെള്ളമൊഴുക്കിന് കുളവാഴകൾ തടസമാകുന്നു.മഴ ശക്തമായി പെയ്യുമ്പോഴുള്ള മഴ വെള്ളം തോട്ടിലൂടെ ഒഴുകിയാണ് കായലിൽ പതിക്കുന്നത്. നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള മഴവെള്ളം പൂർണമായും ഒഴുകുന്നത് തോടുകളിലൂടെയാണ് .തോടുകളിൽ കുളവാഴകൾ നിറഞ്ഞതോടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും തോട്ടിലേക്ക് മഴ വെള്ളം ഒഴുകാതെയായി. തോട്ടിന്റെ വശങ്ങളിൽ കരിങ്കൽ ഭിത്തി ഇല്ലാത്തിടത്തു കൂടി വെള്ളം തോട്ടിൽ നിന്നും വശങ്ങളിലേക്ക് ഒഴുകുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നു. ഇത്തരത്തിലുള്ള വെള്ളക്കെട്ട് ഇടവിള കൃഷിയുടെ നാശത്തിനും കാരണമാകുന്നു.

മീൻവലകൾ അഴിച്ചുമാറ്റണം

മീൻ പിടിക്കുന്നതിനും വല വീശുന്നതിനുമായി തോട്ടിന് കുറുകെ വല കെട്ടുന്നതാണ് കുളവാഴകളുടെ നീക്കത്തിന് തടസം നിൽക്കുന്നത്. തോട്ടിലൂടെ ഒഴുകി എത്തുന്ന കുളവാഴകളെ തോട്ടിന് കുറുകെ കെട്ടിയിരിക്കുന്ന വലകൾ തടയുന്നു. തോട്ടിന്റെ ആഴത്തിലേക്ക് കുളവാഴകൾ അടിയുന്നതോടെ വെള്ളം വശങ്ങളിലേക്ക് ഒഴുകുന്നു. തോടുകളിൽ അനധികൃതമായി കെട്ടിയിരിക്കുന്ന വലകൾ നീക്കം ചെയ് താൽ ഇതിന് പരിഹാരമാകും. നഗരസഭാ അധികൃതർ ഇക്കാര്യ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നഗരസഭയുടെ പരിധിയിലൂടെ കടന്ന് പോകുന്ന തഴത്തോടുകളിൽ കുളവാഴ അടിഞ്ഞ് കിടക്കുന്നത് വെള്ളമൊഴുക്കിന് തടസമാണ്. ഇപ്പോൾ വെള്ളം തോടിന്റെ വശങ്ങളിലേക്ക് ഒഴുകുന്നത് ഇടവിള കൃഷികൾ നശിക്കാനിടയാക്കുന്നു. മീൻ പിടിക്കാനായി തോടിന് കുറുകെ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക്ക് വലകളിൽ ഉടക്കിയാണ് കുളവാഴകൾ കെട്ടി കിടക്കുന്നത്. വലകൾ നീക്കം ചെയ്താൽ കുളവാഴകൾ ഒഴുകി കായലിൽ പതിക്കും. ഇതോടെ തോട്ടിലൂടെയുള്ള വെള്ളമൊഴുക്ക് സുഗമമാകും. നഗരസഭ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണം.

എം.ഷാജി, കാർഷിക വികസന സമിതി അംഗം

കരുനാഗപ്പള്ളി കൃഷിഭവൻ: