വീട്ടിലെ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത് പ്രിന്റെടുത്ത ഏകദേശം ഒരുകോടിയോളം രൂപയുടെ ചെക്ക് നൽകി ആഡംബര കാർ വാങ്ങിയ വിരുതൻ കുടുങ്ങി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. സ്വന്തം വീട്ടിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് അടിച്ചെടുത്ത ഒരുകോടിയോളം രൂപ വിലമതിപ്പുള്ള ഡോളർ കറൻസിയും ചെക്കുമാണ് കാർ വാങ്ങാൻ യുവാവ് ഉപയോഗിച്ചത്.കുറേ കാലമായി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. മുന്തിയ ബ്രാൻഡ് ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നത് ശീലമാക്കിയ ആളാണ് വില്യം കെല്ലി. ഏകദേശം ഒരുകോടിയോളം രൂപ വിലമതിപ്പുള്ള പോർഷെ 911 കാർ ആണ് ഇയാൾ ഫ്‌ളോറിഡയിലെ ഡീലറിൽനിന്ന് വാങ്ങിയത്. കാർ വാങ്ങാൻ സ്വന്തമായി പ്രിന്റ് ചെയ്ത നോട്ടും ചെക്കുമാണ് കെല്ലി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെക്ക് വ്യാജമാണെന്ന് ബോധ്യമായത്. കാർ വാങ്ങിയ ശേഷം ഇയാൾ ചെക്ക് ഉപയോഗിച്ച് ഒരു റോളക്സ് വാച്ച് വാങ്ങാൻ ശ്രമിച്ചു. ജൂലായ് 28 ന് മിറാമർ ബീച്ച് ജ്വല്ലറിയിലെത്തി വാച്ചിനായി ചെക്ക് നൽകി. 61,521 ഡോളർ വിലമതിക്കുന്ന വാച്ചാണ് വാങ്ങാൻ ശ്രമിച്ചത്. എന്നാൽ ചെക്ക് മടങ്ങിയതോടെ ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കാർ ഉൾപ്പടെയുള്ളവ വാങ്ങാൻ പണമായും ചെക്കായും നൽകിയതൊക്കെ സ്വന്തമായി അടിച്ചെടുത്തതായിരുന്നുവെന്ന് കെല്ലി സമ്മതിച്ചത്.