a
ഇരുമ്പനങ്ങാട് ലക്ഷം വീട് കോളനി ആര്യ ഭവനിൽ വിജയന്റെ വീടിന്റെ മുകളിലേക്ക് മരം ഒടിഞ്ഞ് വീണ നിലയിൽ

എഴുകോൺ: കഴിഞ്ഞ രണ്ട് ദിവസമായി മഴയോടൊപ്പമുള്ള കനത്ത കാറ്റിൽ വ്യാപക നാശനഷ്ടമാണ് പ്രദേശത്ത് സംഭവിച്ചത്. 5 ന്‌ രാത്രി 9 ഓടെ വീശിയടിച്ച ശക്തമായ കാറ്റിൽ എഴുകോൺ, പവിത്രേശ്വരം, കരീപ്ര, കുണ്ടറ പഞ്ചായത്തുകളിലെ പല വാർഡുകളിലുമായി നൂറ് കണക്കിന് മരങ്ങൾ ഓടിഞ്ഞും കടപുഴകിയും വീഴുകയായിരുന്നു. നിരവധി വീടുകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും നാശം സംഭവിച്ചു.

കെ.എസ്.ഇ.ബി എഴുകോൺ ഡിവിഷന്റെ 7 പോസ്റ്റുകളും മൂന്ന് 11 കെ.വി പോസ്റ്റുകളും മരങ്ങൾ വീണ് ഒടിഞ്ഞ് പോയി. 50 ഓളം സ്ഥലങ്ങളിൽ വൈദ്യുതി വിതരണ കമ്പികൾ പൊട്ടുകയും 70 ഓളം സ്ഥലങ്ങളിൽ കമ്പികൾ വലിഞ്ഞ് ഉപയോഗ ശൂന്യമാവുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഇടറോഡുകളിലും ഉൾപ്രദേശങ്ങളിലുമാണ് കൂടുതലും നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. 11 കെ.വി പോസ്റ്റുകൾ ഓടിഞ്ഞതോടെ കൊട്ടാരക്കര, നെടുവത്തൂർ, അമ്പലത്തുംകാല, എഴുകോൺ, ചീരങ്കാവ്‌, നെടുമ്പായിക്കുളം നീലേശ്വരം, പവിത്രേശ്വരം എന്നിവടങ്ങളിലെ വൈദ്യുതി ബന്ധം പൂർണമായും തകർന്നു. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനരാരംഭിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

മിക്ക സ്ഥലങ്ങളിലും കൂറ്റൻ തേക്കുകളാണ് ഒടിഞ്ഞ് വീണിരികുന്നത്‌. മരണങ്ങൾ ഒടിഞ്ഞ് വീണ് ഇരുമ്പനങ്ങാട് ലക്ഷം വീട് കോളനി ആര്യ ഭവനിൽ വിജയൻ, പുത്തൻവീട്ടിൽ വിജയകുമാരി, ഇരുമ്പനങ്ങാട് പോങ്ങാറതുണ്ട് പാറവിള വീട്ടിൽ സുകുമാരൻ, ഹർഷ കുമാർ, ദീപു നിവാസിൽ കനക, അറുപറക്കോണം രാഘവ മന്ദിരത്തിൽ ചന്ദ്ര ബോസ്, കൊച്ച് കുംബകാട്ട് പുത്തൻ വീട്ടിൽ സതി ഭായ്‌ എന്നിവരുടെ വീടുകൾക്ക് ഭാഗിക നാശം സംഭവിച്ചു. പുളിയറ തുണ്ടുവിള പടിഞ്ഞാറ്റതിൽ തുളസിയുടെ മേൽകൂര തകരുകയും ഓട് വീണ് തുളസിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

<