കാമുകിയ്ക്കോ കാമുകനോ എന്തെങ്കിലുമൊക്കെ സർപ്രൈസ് കൊടുക്കണമെന്ന് ആഗ്രഹിക്കാത്തതായി ആരുണ്ട്. അങ്ങനെയൊരു സർപ്രൈസ് കൊടുത്ത കാമുകനെ ബ്രിട്ടനിലെ സൗത്ത് യോർക്ക്‌ഷെയറിൽ കാണാം. കാമുകിയുടെ പ്രീതിപിടിച്ചു പറ്റാൻ മെഴുകുതിരി അലങ്കാരം നടത്തി തിരിച്ചുവന്ന കാമുകൻ കണ്ടത് തീർത്തും ഞെട്ടുന്നതായിരുന്നു.
വീട് മുഴുവൻ ഒരുക്കി, അലങ്കരിച്ച്, ടീ ലൈറ്റ് കാൻഡിഡെല്ലാം നിരത്തിവച്ച്, വൈൻ കുപ്പിയും ഗ്ലാസുകളുമെല്ലാം മേശപ്പുറത്ത് തയ്യാറാക്കി വച്ചാണ് ആൽബർട്ട് കാമുകിയെ ഓഫീസിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനായി ഇറങ്ങിയത്. തിരികെ വരുമ്പോൾ ഈ ഒരുക്കങ്ങളെല്ലാം കണ്ട് കാമുകി ഞെട്ടിത്തരിച്ചുപോകുമെന്നായിരുന്നു ആൽബർട്ടിന്റെ പ്രതീക്ഷ. പക്ഷേ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ മറ്റൊന്നായിരുന്നു. കാമുകിയെ കൂട്ടി മടങ്ങിയെത്തിയപ്പോൾ തന്റെ ഫ്ളാറ്ര് നിന്നുകത്തുന്നതാണ് ആൽബർട്ട് കണ്ടത്.
ആരോ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് മൂന്ന് യൂണിറ്റോളം ഫയർ എൻജിനുകളും സ്ഥലത്തെത്തിയിരിക്കുന്നു. അവർ തീയണയ്ക്കാനുള്ള കടുത്ത ശ്രമത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും ആൽബർട്ടിന് മനസിലായില്ല. പിന്നീട് ഫയർ സ്‌റ്റേഷൻ ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴാണ് കാമുകിക്ക് സർപ്രൈസ് നൽകുന്നതിനായി വീട് ഒരുക്കിയ കാര്യവും, നൂറോളം ടീ ലൈറ്റ് കാൻഡിലുകൾ കത്തിച്ചുവച്ച കാര്യവുമെല്ലാം ആൽബർട്ട് വെളിപ്പെടുത്തുന്നത്.
കാൻഡിൽ ലൈറ്റുകളിൽ നിന്ന് തീ പടർന്നതാണ് പ്രശ്നമായത്. വീട്ടിനകത്ത് ആരുമില്ലാത്തതിനാൽ തീ പടർരുന്നത് കണ്ട അയൽവാസികളാണ് സംഭവം ഫയർ സ്‌റ്റേഷനിൽ വിളിച്ചറിയിച്ചത്. എന്തായാലും ആൽബർട്ടിനുണ്ടായ ഈ ദുരനുഭവത്തെ ഒരു പാഠമായി കരുതണമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇത്തരത്തിൽ അശ്രദ്ധമായി കാര്യങ്ങൾ ചെയ്യുന്നത് വലിയ വിപത്തുകൾ വിളിച്ചുവരുത്തുമെന്നും ആൽബർട്ടിന്റെ ഫ്ളാറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ അവർ ചൂണ്ടിക്കാട്ടുന്നു.