ku
കൂറ്റൻ പുളിമരം കടപുഴകി വീണ് വലിയപാടം പടിഞ്ഞാറ് കല്ലുവെട്ടാംവിള രാധയുടെ വീട് തകർന്ന നിലയിൽ

കുന്നത്തൂർ : ശക്തമായ കാറ്റും മഴയും കുന്നത്തൂർ താലൂക്കിൽ വ്യാപക നാശം വിതച്ചു. വൈദ്യുതി ലൈനുകളും പോസ്‌റ്റുകളും തകർന്നതിനാൽ ബുധനാഴ്ച രാത്രി മുതൽ നിലച്ച വൈദ്യുതി ബന്ധം പലയിടത്തും പുന:സ്ഥാപിക്കാനായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇലക്ട്രിസിറ്റി ബോർഡിന് സംഭവിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിൽ മരം വീണ് 55 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. പടിഞ്ഞാറെ കല്ലടയിലാണ് കൂടുതൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത്. മൈനാഗപ്പള്ളി, ശാസ്താംകോട്ട വില്ലേജുകളിലും വീടുകൾ തകർന്നു.വീടുകൾ തകർന്നതിലൂടെ 35 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിട്ടുള്ളത്.കുന്നത്തൂർ വില്ലേജിൽ കുന്നത്തൂർ നടുവിൽ കിണറുവിളയിൽ സുധാകരൻ, ഐവർകാല കിഴക്ക് രതീഷ് ഭവനിൽ ബിന്ദു, തുരുത്തിക്കര തൊടുവേൽ പുത്തൻ വീട്ടിൽ ഓമന എന്നിവരുടെ വീടുകളും കുന്നത്തൂർ പടിഞ്ഞാറ് മാണിക്യമംഗലത്ത് മഠത്തിൽ ശ്രീജിത്തിന്റെ കാലിതൊഴുത്തും മരം വീണ് തകർന്നു.പടിഞ്ഞാറെ കല്ലട വലിയപാടം പടിഞ്ഞാറ് കല്ലുവെട്ടാംവിള വീട്ടിൽ രാധയുടെ വീടിനു മുകളിൽ വൻ പുളിമരം വീണ് മേൽക്കൂരയും ഭിത്തിയും പൂർണമായും തകർന്നു.മരിയാപുരം - മാന്തേചരുവ് റോഡിൽ തേക്ക്മരം വീണ് ഇലക്ട്രിക് ലൈൻ പൊട്ടിവീണു. മാംകൂട്ടം കാരൂർ കിഴക്കതിൽ കോളനിയിൽ മരം വീണ് ലൈൻ പൊട്ടി പോസ്റ്റ്‌ നിലം പതിച്ചു.കുന്നത്തൂർ,പടിഞ്ഞാറെ കല്ലട,ശാസ്താംകോട്ട,മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്,പോരുവഴി പഞ്ചായത്തുകളിലെ വിവിധ ഏലാകളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.വാഴ കൃഷിയാണ് കൂടുതലായും നശിച്ചത്. അതിനിടെ മുൻ പ്രളയങ്ങളുടെ അനുഭവത്തിൽ കല്ലടയാറിന്റെ തീരത്തുള്ള കുന്നത്തൂർ,പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി തഹസീൽദാർ അറിയിച്ചു.