ഏരൂർ: ബുധനാഴ്ച രാത്രി ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ഏരൂരിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടം. വൃക്ഷങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞ് വീണും അനവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുത കമ്പികളും പോസ്റ്റുകളും തകർന്ന് വീണു. പലസ്ഥലങ്ങളിലും വൃക്ഷങ്ങൾ കടപുഴകിയെങ്കിലും തലനാരിഴയ്ക്ക് ദുരന്തങ്ങളും നാശനഷ്ടങ്ങളും ഒഴിവായിട്ടുമുണ്ട്. നിരവധിയാളുകൾക്ക് കൃഷിനാശവും സംഭവിച്ചു. നഷ്ടങ്ങൾ കണക്കാക്കപ്പെട്ടിട്ടില്ല.
ആലഞ്ചേരി ക്ഷീരസംഘത്തിന് സമീപം ഐശ്വര്യ നിവാസിൽ ഷിജുവിന്റെ വീട് അയൽ പുരയിടത്തിലെ വൃക്ഷം കടപുഴകി വീണാണ് തകർന്നത്. തെക്കേനെട്ടയത്ത് ഈയ്യംകുന്നിൽവീട്ടിൽ ബിജുവിന്റെ വീടിന് മുകളിലൂടെ മരം കടപുഴകി വീണ് പൂർണമായും തകർന്നു. അയിലറ ഗവ. എൽ.പി.എസിൽ സ്‌കൂൾ കെട്ടിടത്തിനോട് ചേർന്ന് നിന്ന കൂറ്റൻ വാകമരം കടപുഴകി വീണു. കല്ലുകെട്ടുകൾ തകർത്തുകൊണ്ടാണ് വൃക്ഷം മറിഞ്ഞത്. അയിലറ ഹൈസ്‌ക്കൂൾ ജംഗ്ഷന് സമീപം നിരവധിയാളുകളുടെ വാഴ, പാവൽ, പടവലം കൃഷികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഏരൂർ, പാണയം, ഒഴുകുപാറയ്ക്കൽ രാജീവ് മന്ദിരത്തിൽ രാജന്റെ പുരയിടത്തിലെ തേക്ക് മരം കടപുഴകി വൈദ്യുത കമ്പിയും പോസ്റ്റും തകർന്നു.