കൊല്ലം: കൊവിഡിനെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ആട്ടോറിക്ഷ തൊഴിലാളികൾക്ക് രശ്മി ഹാപ്പി ഹോം സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വള്ളിക്കാവ്, ക്ലാപ്പന പ്രദേശങ്ങളിലെ ആട്ടോ തൊഴിലാളികൾക്ക് ക്ലാപ്പന കാരേലി മുക്കിന് സമീപം വെച്ച് ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാലിന്റെയും കെ.പി.പി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിന്റെയും സാന്നിദ്ധ്യത്തിൽ കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ കിറ്റ് വിതരണം ചെയ്തു. ബി.ജെ.പി ക്ലാപ്പന മണ്ഡലം പ്രസിഡന്റ് രണജിത്ത്, വാർഡ് മെമ്പറുമാരായ ബിന്ദുപ്രകാശ്, സുബാഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ രശ്മി ഹാപ്പി ഹോമിന്റെ രശ്മി ആനന്ദഭവനം നിർമ്മിച്ചു നൽകുന്നതിനുള്ള അപേക്ഷ ഫോമിന്റെ ഉദ്ഘാടനം കെ.പി.പി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് നിർവഹിച്ചു.