പുനലൂർ: വീടിനുള്ളിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ ദമ്പതികളിൽ ഭർത്താവ് മരിച്ചു. പുനലൂർ വിളക്കുവെട്ടം പ്രശാന്ത് ഭവനിൽ യശോദരനാണ് (60) മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. അടുക്കളയിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെയാണ് യശോദരന് ഷോക്കേറ്റത്. ഇതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭാര്യ പ്രസന്നയ്ക്കും ഷോക്കേറ്റു. തുടർന്ന് കമ്പ് ഉപയോഗിച്ച് സ്വയം വൈദ്യുതി ബന്ധം വേർപ്പെടുത്തിയതോടെ പ്രസന്ന രക്ഷപ്പെട്ടു. ഇതിനിടെ ബോധം നഷ്ടപ്പെട്ട യശോധരൻ നിലത്തേക്ക് വീണു. ഉടൻ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: പ്രശാന്ത്, വൈശാഖ്. മരുമക്കൾ: നീനു, ഉമ.