കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒൻപത് ആർ.എസ്.എസ് പ്രവർത്തകർക്കും പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതികളെല്ലാവരും ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി പ്രതിഭാഗത്തിന്റെ വിശദമായ വാദം കേട്ട ശേഷമാണ് എല്ലാവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
രണ്ട് കുറ്റവാളികൾക്ക് കൊവിഡ്
കടവൂർ ജയൻ വധക്കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഒമ്പത് പേരിൽ രണ്ട് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ നാലാംതീയതി മുതൽ ഇവർ ജുഡിഷ്യൽ കസ്റ്റഡിയിൽ നിരീക്ഷണ കേന്ദ്രത്തിലാണ്. നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും മുമ്പ് ശേഖരിച്ച സ്രവത്തിന്റെ പരിശോധനാ ഫലമാണ് ഇന്നലെ ലഭിച്ചത്. ഇവർക്ക് രണ്ട് പേർക്കും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനാകില്ല. രോഗികളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്ന മറ്റ് കുറ്റവാളികളെ ഹാജരാക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല. രോഗികളുമായി പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങി നിരവധി പേർ പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. ഒമ്പത് പേരും കുറ്റവാളികളെന്ന് കണ്ടെത്തിയതിനാൽ ശിക്ഷ വിധിക്കുന്നതിന് ഇവരുടെ സാനിദ്ധ്യം ആവശ്യമില്ല.