കുണ്ടറ: കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിലും കാറ്റിലും കല്ലടയിലും കുണ്ടറയിലുമായി അൻപതോളം വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. ഇടവിട്ട് വീശുന്ന കാറ്റിൽ നാശനഷ്ടങ്ങൾ വർദ്ധിക്കുകയാണ്.കിഴക്കേകല്ലടയിൽ മുപ്പതോളം വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് ഭാഗികമായ നാശനഷ്ടങ്ങളുണ്ടായി. കുഴിമതിക്കാട് കീഴൂട്ട് മേലതിൽ സുധകുമാറിന്റെ വീടിന് മുകളിലേക്ക് പുരയിടത്തിൽ നിന്നിരുന്ന തേക്ക് വീണ് മേൽക്കൂര തകർന്നു. രാത്രി ഒൻപതോടെയാണ് മരം വീണത്. സുധകുമാറും സഹോദരൻ ചന്ദ്രകുമാറും ഭാഗ്യവശാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കിഴക്കേകല്ലട മാർത്താണ്ഡപുരത്ത് സർപ്പക്കാവിൽ നിന്ന കൂറ്റൻമരം കൊല്ലം - തേനി ദേശീയപാതയിലേക്ക് കടപുഴകിവീണു. അഗ്നിശമനസേന ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
കിഴക്കേകല്ലട, പേരയം, മുളവന, കുമ്പളം, പടപ്പക്കര, കുണ്ടറ, ഇളമ്പള്ളൂർ, കൊറ്റങ്കര, മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്തുകളിൽ നൂറുകണക്കിന് മരങ്ങൾ വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് കടപുഴകി. കൂടുതലും തേക്ക് മരമാണ് കാറ്റിൽ നിലംപൊത്തിയത്.
കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടം
മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കുണ്ടറ സബ് സ്റ്റേഷനിൽ നിന്നുള്ള ഫീഡറുകളെല്ലാം മരങ്ങൾ വീണ് തകരാറിലായി. കുഴിമതിക്കാട് ജംഗ്ഷനിൽ കൂറ്റൻ മരം 11 കെ.വി ഫീഡർ ലൈനിന് മുകളിലേക്ക് വീണു. ഒരു ഫീഡർ പരിധിയിൽ 5000ഓളം ഉപഭോക്താക്കളാണുള്ളത്.
ഇടവിട്ട് വീശിയടിക്കുന്ന കാറ്റിൽ കൂടുതൽ മരങ്ങൾ വീഴുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാർ രാത്രിയും പകലും വിശ്രമമില്ലാതെ ജോലിചെയ്യുകയാണ്. കുണ്ടറ, കല്ലട, മൺറോതുരുത്ത് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം തുടർച്ചയായ രണ്ടാമത്തെ രാത്രിയും ഇരുട്ടിലാണ്.