എഴുകോൺ: സ്ഥലം മാറിവന്ന വില്ലേജ് ഓഫീസർ ചാർജ് എടുക്കാത്തതിനെ തുടർന്ന് ലൈഫ് പദ്ധതി ഉൾപ്പടെയുള്ള പദ്ധതികൾക്ക് അപേക്ഷിക്കാൻ കഴിയാതെ ജനങ്ങൾ വലയുന്നു. എഴുകോൺ വില്ലേജ് ഓഫീസർ ആയിരുന്ന മനോജ് കഴിഞ്ഞ 14 ന് ആണ് ഡെപ്യൂട്ടി തഹസിൽദാർ ആയി സ്ഥാനകയറ്റത്തോടെ കണ്ണൂരിലേക്ക് സ്ഥലം മാറി പോയത്. തുടർന്ന് എഴുകോണിലേക്ക്‌ സ്ഥലം മാറി വന്ന ഓഫീസർ ഇതുവരെയും ചാർജ് എടുത്തിട്ടില്ല. എഴുകോണിൽ വില്ലേജ് ഓഫീസർ ഇല്ലാതെയായിട്ട് ഒരു മാസത്തോളമായി. ലൈഫ് പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്നത്‌ 14 ന് അവസാനിക്കാനിരിക്കെ വില്ലേജ് ഓഫീസർ ചാർജ് എടുകാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്. നിലവിൽ നെടുവത്തൂർ വില്ലേജ് ഓഫീസർക്ക് എഴുകോണിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പടെ ഉള്ള പ്രധാന സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അയക്കാമെങ്കിലും ലൈഫ് പദ്ധതിയിൽ ഭൂമി ഇല്ലാത്തവർക്ക് ഉള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കാനെ സാധിക്കുകയുള്ളൂ. ഇപ്പൊൾ ഒന്നിടവിട്ട ദിവസങ്ങളിൽ നെടുവത്തൂർ വില്ലേജ് ഓഫീസർ എഴുകോണിൽ വരുന്നുണ്ടെങ്കിലും പ്ലസ് ടു, കോളേജ് അഡ്മിഷൻ, ലൈഫ് പദ്ധതി തുടങ്ങിയ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ വർദ്ധിച്ചു വരുന്നത് രണ്ട് വില്ലേജ് ഓഫീസുകളിലെയും പ്രവർത്തനം അവതാളത്തിൽ ആക്കും. അതിനാൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് എഴുകോണിൽ വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.