കൊല്ലം: നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തൽ വിവാദം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന സി.പി.ഐ പാർലമെന്ററി പാർട്ടി യോഗത്തിൽ മേയർക്കെതിരെ രൂക്ഷ വിമർശനം. സി.പി.ഐയുടെ അഴിമതി വിരുദ്ധ നിലപാട് മിനിട്സ് തിരുത്തലിലൂടെ നഷ്ടപ്പെട്ടെന്നാണ് പ്രധാന വിമർശനം.
കടപ്പാക്കട കൗൺസിലർ മോഹനനാണ് വിമർശനത്തിന് തുടക്കമിട്ടത്. കൗൺസിൽ യോഗം ഐകകണ്ഠ്യേനയാണ് നഗരസഭാഭൂമിയിലെ ചുറ്റുമതിൽ നിർമ്മാണം ഉൾപ്പെടുന്ന അജണ്ട പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്, സി.പി.എം കൗൺസിലർമാർ തീരുമാനം തിരുത്തിയത് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചപ്പോൾ മേയർ വ്യത്യസ്ത മറുപടികൾ പറഞ്ഞത് കൂടുതൽ നാണക്കേടുണ്ടാക്കി. വിവാദഭൂമി എത്രയും വേഗം മതിൽകെട്ടി തിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരുംദിവസങ്ങളിൽ സി.പി.ഐ മണ്ഡലം കമ്മിറ്റിയും വിഷയം ചർച്ച ചെയ്യും. നഗരസഭാ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരാനും സാദ്ധ്യതയുണ്ട്. മിനിട്സ് തിരുത്ത് ന്യായീകരിക്കാൻ ചുറ്റുമതിൽ കെട്ടേണ്ട ഭൂമിയുമായി ബന്ധപ്പെട്ട് കത്ത് നൽകിയ സ്ഥിരംസമിതി അദ്ധ്യക്ഷനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
ദേശീയ കൗൺസിൽ അംഗം ചിഞ്ചുറാണി, ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. കൗൺസിലർമാരുടെ അഭിപ്രായം കേട്ട ശേഷം ജില്ലാ കൗൺസിൽ അംഗങ്ങൾ എന്ന നിലയിൽ നേതാക്കൾ മേയർ ഹണി ബെഞ്ചമിൻ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് എന്നിവരുമായി പ്രത്യേകം ചർച്ച നടത്തി.
ഹണി ബെഞ്ചമിനാണ് സി.പി.ഐയുടെ നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ. എല്ലാ കൗൺസിൽ യോഗത്തിന് മുമ്പും ഹണി സി.പി.ഐ പാർലമെന്റി പാർട്ടി യോഗം വിളിച്ചു ചേർക്കും. എന്നാൽ വിവാദമായ കൗൺസിൽ യോഗത്തിന് മുമ്പ് അതുണ്ടായില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്
വിജയാ ഫ്രാൻസിസ്, മുൻ ഡെപ്യൂട്ടി മേയർ