ബോട്ടിൽ കഴിഞ്ഞ 10 കുളച്ചൽ സ്വദേശികൾക്ക് കൊവിഡ്
ബോട്ടുകൾക്കുള്ളിൽ നൂറുകണക്കിന് തൊഴിലാളികൾ
കൊല്ലം: കൊവിഡ് ഭീതിയിൽ കേരളം വിറയ്ക്കുമ്പോൾ കൈവിട്ട കളിയുമായി ബോട്ടുടമകൾ. കോസ്റ്റൽ പൊലീസ് ശക്തികുളങ്ങര ഹാർബർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ ബോട്ടുകൾക്കുള്ളിൽ രഹസ്യമായി പാർപ്പിച്ചിരിക്കുന്നത് കണ്ടെത്തി. ഇവരിൽ തമിഴ്നാട് കുളച്ചൽ സ്വദേശികളായ പത്ത് മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ, കോസ്റ്റൽ പൊലീസ്, മറൈൻ, തൊഴിൽ വിഭാഗങ്ങൾ സംയുക്തമായി ബോട്ടുകളിൽ മിന്നൽ പരിശോധന നടത്തിയത്. മത്സ്യബന്ധനത്തിനെത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ 14 ദിവസം ക്വാറന്റൈനിൽ പാർപ്പിക്കണമെന്നാണ് ചട്ടം. ഇന്നലെ കോസ്റ്റൽ പൊലീസ് ബോട്ടുകൾക്കുള്ളിൽ കണ്ടെത്തിയവരിൽ ക്വാറന്റൈൻ പൂർത്തിയാക്കിയവരും രഹസ്യമായെത്തി തമ്പടിച്ചവരും ഉൾപ്പെടും. 15 പേർ വരെ ഒരു ബോട്ടിലുണ്ടായിരുന്നു.
തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചു
ബോട്ടുകളിൽ കണ്ടെത്തിയ തൊഴിലാളികളുടെ പേര്, ക്വാറന്റൈൻ കാലാവധി, ആന്റിജൻ ടെസ്റ്റ്, കൊണ്ടുവന്ന ബോട്ടുടമ, പോർട്ടൽ രജിസ്ട്രേഷൻ തുടങ്ങിയവ ശേഖരിച്ചു. ഇവ തുടർ പരിശോധനയ്ക്കായി ആരോഗ്യ, തൊഴിൽ, പൊലീസ് വിഭാഗങ്ങൾക്ക് കൈമാറി. കൊല്ലം ആർ.ഡി.ഒ സി.ജി. ഹരീന്ദ്രൻ, കോസ്റ്റൽ ഇൻസ്‌പെക്ടർ എസ്. ഷെറീഫ്, അസിസ്റ്റന്റ് ഡയറക്ടർ ഫിഷറീസ് കെ. നൗഷർഖാൻ, അസിസ്റ്റന്റ് ലേബർ ഓഫീസർ സുജിത്, ശ്രീകുമാർ, കോസ്റ്റൽ എ.എസ്.ഐ പ്രശാന്തൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കടൽ വഴിയുമെത്തും
ക്വാറന്റൈനിൽ നിന്ന് രക്ഷപ്പെടാൻ കടൽ മാർഗം തമിഴ്നാട്ടിൽ നിന്ന് വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികളെത്താൻ സാദ്ധ്യതയുണ്ട്. മത്സ്യബന്ധനം ആരംഭിക്കുമ്പോൾ വള്ളങ്ങളിലെത്തി ഇവർ നേരിട്ട് ബോട്ടുകളിൽ കയറും. മത്സ്യബന്ധനം കഴിഞ്ഞ് വള്ളങ്ങളിൽ നാട്ടിലേക്ക് മടങ്ങും. ഇവർ രോഗബാധിതരാണെങ്കിൽ ദിവസങ്ങളോളം കടലിൽ കിടക്കുന്ന ബോട്ടുകളിലെ മറ്റുള്ളവർക്കും രോഗം പടരും.