parunth

കൊല്ലം: പറന്നുപോകുന്നതിനിടെ താഴേക്ക് വീണ കൃഷ്ണപ്പരുന്തിന്റെ തോളെല്ല് പൊട്ടി, പ്രദേശവാസികളുടെയും ജില്ലാ വെറ്ററിനറി കേന്ദ്രം അധികൃതരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടു. പള്ളിത്തോട്ടത്ത് റോഡിൽ വീണ പരുന്ത് ചിറകടിക്കുന്നത് നാട്ടുകാർ കണ്ടത്. പലരും ഭീതിമൂലം പേടിച്ച് പിന്മാറിയപ്പോൾ മൃഗസ്നേഹികളായ ചിലർ ജില്ലാ വെറ്ററിനറി കേന്ദ്രം അധികൃതരെ വിവരമറിയിച്ചു. ഉടൻതന്നെ കേന്ദ്രത്തിലെ ടെലി വെറ്ററിനറി ആംബുലൻസ് സ്ഥലത്തെത്തി റോഡിൽ ഇഴയുകയായിരുന്ന പരുന്തിനെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. എക്സ്റേ പരിശോധനയിൽ വലത്തേ തോളെല്ലിന് നേരിയ ഒടിവുണ്ടെന്ന് കണ്ടെത്തി. പ്ലാസ്റ്റർ കാസ്റ്റ് ഉപയോഗിച്ച് ചലനരഹിതമാക്കി പരുന്തിനെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. മരുന്നും നൽകി. വെയിലേറ്റ് കിടന്നതിനാൽ നിർജ്ജലീകരണം ഒഴിവാക്കാൻ ടോണിക്കുകളും ഗ്ലൂക്കോസ് ലായനിയും നൽകി. ചെറുമത്സ്യങ്ങളും തേങ്ങാ കൊത്തും തീറ്റയായി നൽകിയ ശേഷം പരുന്തിനെ ഐ.പി വാർഡിൽ വിശ്രമിക്കാൻ വിട്ടു.

പറക്കുന്നതിന് ഉതകുന്ന രീതിയിൽ പക്ഷികൾക്ക് പൊള്ളയായ എല്ലുകളായതിനാൽ പൊട്ടൽ ഒത്തുകൂടാൻ സമയമെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. സീനിയർ വെറ്ററിനറി സർജൻമാരായ ഡോ. ഡി. ഷൈൻകുമാർ, ഡോ. ബി. അജിത് ബാബു, വെറ്ററിനറി സർജൻമാരായ സജയ് കുമാർ, അജിത് പിള്ള , നിജിൻ എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.