prathikal

കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ (35) കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒൻപത് ആർ.എസ്.എസ് പ്രവർത്തകർക്കും കൊല്ലം പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കുറ്റവാളികളിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ജഡ്‌ജി സി.സുരേഷ്‌കുമാറിന്റെ വിധി പ്രസ്താവം.

പിഴ അടച്ചില്ലെങ്കിൽ നാലുവർഷം അധിക തടവ് അനുഭവിക്കണം. ജീവപര്യന്തത്തിന് പുറമെ ഒന്ന് മുതൽ ഏഴുവരെ പ്രതികൾ വിവിധ വകുപ്പുകളിലായി മൂന്ന് വർഷവും മൂന്ന് മാസവും കൂടി ശിക്ഷ അനുഭവിക്കണം. ഏഴ് മുതൽ ഒമ്പത് വരെ പ്രതികൾ ജീവപര്യന്തത്തിന് പുറമെ ഒരു വർഷവും ഏഴ് മാസവും ശിക്ഷ അനുഭവിക്കണം.

പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ജയന്റെ മാതാവ് അംബിക അമ്മയ്ക്ക് നൽകണം.ആക്രമണത്തിൽ പരിക്കേറ്റ ഒന്നാം സാക്ഷിയും ജയന്റെ സഹോദരിയുടെ ഭർത്താവുമായ രഘുനാഥൻ പിള്ളയ്ക്ക് 25,000 രൂപയും നൽകണം.

കടവൂർചേരി വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭി നിവാസിൽ രഞ്ജിത്ത് (31,രജനീഷ്), തൃക്കരുവ ഞാറയ്‌ക്കൽ ഗോപാലസദനത്തിൽ ഷിജു (36), കടവൂർ പരപ്പത്ത് ജംഗ്ഷൻ പരപ്പത്ത്‌വിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹരി (34, അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39,പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇവർ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി പ്രഖ്യാപിച്ചിരുന്നു.

2012 ഫെബ്രുവരി 7ന് പകലാണ് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ ആർ.എസ്.എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിൽ നടുറോഡിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രതാപചന്ദ്രൻപിള്ള, പ്രോസിക്യൂട്ടർ കെ.ബി.മഹേന്ദ്ര എന്നിവർ ഹാജരായി.

ആറു മാസം മുമ്പ്

ലഭിച്ചതും ജീവപര്യന്തം

ഇന്നലെ കോടതി ശിക്ഷിച്ച ഒൻപത് പേർക്കും ആദ്യ വിചാരണയ്ക്കൊടുവിൽ കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി കഴിഞ്ഞ ഫെബ്രുവരി 10ന് ജീവപര്യന്തം കഠിന തടവ് വിധിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രതികൾ തങ്ങളുടെ ഭാഗം വിചാരണക്കോടതി കേട്ടില്ലെന്ന് വാദിച്ചു. ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി പ്രതികളുടെ ഭാഗം കേട്ട് വിധി പ്രഖ്യാപിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിധിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

ശിക്ഷ: വകുപ്പുകൾ

 302 (കൊലപാതകം): ജീവപര്യന്തം, 50,000 രൂപ വീതം പിഴ

 148 (ആയുധം ഉപയോഗിച്ചുള്ള ആക്രണം): രണ്ട് വർഷം, 10,000 രൂപ പിഴ

 324 ( ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ): ഒരു വർഷം, 10,000 രൂപ പിഴ

 143 (അന്യായമായി സംഘം ചേരൽ): ആറ് മാസം, ആയിരം രൂപ പിഴ

 341 (അന്യായ തടസം): ഒരു മാസം, 500 രൂപ പിഴ