എഴുകോൺ: കുഴിമതിക്കാട് ഗ്രാമവാസികൾ രൂപീകരിച്ച ഡിജിറ്റൽ കലാ സാംസ്‌കാരിക സാമൂഹിക കൂട്ടായ്മ ശ്രദ്ധേയമാകുന്നു. കലാ സാഹിത്യ സംവാദങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് കൂട്ടായ്മയെ ഗ്രാമവാസികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. അദ്ധ്യാപകനും കരീപ്ര കുഴിമതിക്കാട് സ്വദേശിയുമായ അഖിലേഷ് നന്ദകുമാറിന്റെ ലോക് ഡൗൺ കാലത്തെ ആശയമാണ് കുഴിമതിക്കാട് ഗ്രാമവാസികളെന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിലേക്ക് വഴിതുറന്നത്. പരിചയമുള്ള നാട്ടുകാരെയെല്ലാം തേടിപ്പിടിച്ച് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിലെ കല, സാഹിത്യ ചർച്ചകൾ ശ്രദ്ധേയമായപ്പോൾ സൗഹൃദച്ചങ്ങല വളർന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളും
അപകടത്തിൽ കാലിനു പരിക്ക്പറ്റിയ ഒരു സുഹൃത്തിന്റെ ചികിത്സയ്ക്കായി ഗ്രൂപ്പ് മുന്നിട്ടിറങ്ങിയതാണ് തുടക്കം . രണ്ടു ദിവസത്തിനുള്ളിൽ പ്രവാസികളും നാട്ടുകാരുമുൾപ്പടെയുള്ളവരുടെതായി നല്ലൊരു തുക സഹായമെത്തി. ശേഷം നാട്ടിലെയും സമീപ പ്രദേശങ്ങളിലേയും വായനശാലകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ നടത്തിയ ബിരിയാണിഫെസ്റ്റുകളിലും കൂട്ടായ്മ സജീവ പങ്കാളികളായി. ആൾക്കാർ വീട്ടിൽ ലോക്ഡൗണായിരിക്കുന്ന ഈ വറുതിക്കാലത്തും ഇങ്ങനെയൊരു രൂപത്തിൽ സമൂഹത്തിലിടപെടാമെന്ന ഉൾക്കാഴ്ച്ചയിൽ ഈ കൂട്ടത്തിൽ അഭിപ്രായങ്ങൾ ഉയർന്നു വരികയും ഡിജിറ്റലായിത്തന്നെ ജനാധിപത്യപരമായി തെരഞ്ഞെടുപ്പു നടത്തി എന്റെഗ്രാമം കലാസാംസ്കാരിക സമിതി കുഴിമതിക്കാട് എന്ന പേരിൽ സംഘടനാരൂപം നല്കുകയും ചെയ്തു. തുടർന്ന് പ്രദേശവാസിയും കലാകാരനുമായ രാജ്മോഹന്റെ രണ്ട് കുട്ടികളുടെ ചികിത്സാ സഹായനിധിക്കായി കൂട്ടായ്മ ഒരുമിക്കുകയും ഒന്നരലക്ഷത്തോളം രൂപ സമാഹരിച്ചു നല്കുകയും ചെയ്തു.
സംഘടനാ പ്രസിഡന്റ് എം.സി വിജയകുമാർ, ട്രഷറർ പ്രദീപ്കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംഘടനാ രക്ഷാധികാരികളിലൊരാളായ റിട്ട. പൊലീസ് അസി.കമ്മീഷണർ ശിവ പ്രസാദ് കുടുംബത്തിന് തുക കൈമാറി. അജിത്ത്കുമാർ, സതീഷ്സെൻ, നാസർ എന്നിവർ സംസാരിച്ചു. മാറിവരുന്ന ലോകക്രമത്തിൽ പുതിയ സാങ്കേതിക വിദ്യകളെ മനുഷ്യനന്മയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ ഒരു നേർക്കാഴ്ച്ച കൂടിയാവുകയാണ് ഈ ഗ്രാമീണ ഡിജിറ്റൽ കൂട്ടായ്മ.