കരുനാഗപ്പള്ളി: തഴവ തണ്ണീർക്കരയിൽ ആർ.ടി, പി.സി.ആർ ടെസ്റ്റ്‌ ചെയ്ത 4പേർക്ക് കൊവിഡ് .16ാം വാർഡിൽ ചെന്നൈയിൽ നിന്നും നാട്ടിൽ വന്ന് ക്വാറന്റൈനിൽ ആയിരുന്ന അച്ഛനും മകൾക്കും. 12ാം വാർഡിൽ റിയാദിൽ നിന്നും വന്ന ആൾക്കും 5 -ം വാർഡിൽ ജമ്മു കാശ്മീരിൽ നിന്നും വന്നയാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ തഴവ ഗ്രാമപഞ്ചായത്ത് അതീവ ജാഗ്രതയിലായി. തണ്ണീർക്കര കുടുംബ ക്ഷേമ ഉപകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് സ്വാബ് കളക്ഷൻ സെന്ററിൽ ആന്റിജൻ പരിശോധനക്കായി 141പേരുടെ സ്രവം എടുത്തു. കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട കരുനാഗപ്പള്ളി സ്കാൻ സെന്ററിലെ ഡോക്ടർ, ജീവനക്കാർ , ആശാ പ്രവർത്തകർ,ആട്ടോ, ടാക്സി ഡ്രൈവർമാർ, ബേക്കറി, ടീ ഷോപ്പ്, ഹോട്ടൽ തൊഴിലാളികൾ, പച്ചക്കറിക്കട, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലെ ജോലിക്കാർ തുടങ്ങിയവരുടെ സ്വാബുകൾ ആണ് പരിശോധനക്ക് വിധേയമാക്കിയത്. സ്രവ പരിശോധന നടത്തിയവരിൽ ആർക്കും തന്നെ കൊവിഡ് ഇല്ലെന്ന് സ്വാബ് കളക്ഷന് നേതൃത്വം നൽകുന്ന മെഡിക്കൽ ഓഫീസർ ഡോ.ജി സംഗീത അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ആളുകളുടെ സ്രവ പരിശോധന നടത്തുമെന്ന് തഴവ കുടുംബാരോഗ്യകേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ജാസ്മിൻ റിഷാദ് അറിയിച്ചു.