തർക്ക വാദങ്ങളൊന്നും വിധിയെ സ്വാധീനിച്ചില്ല
കൊല്ലം: കടവൂർ ജയൻ വധക്കേസിൽ വിചാരണ കോടതിക്കെതിരെ പ്രതിഭാഗം നടത്തിയ നിരന്തര നിയമ പോരാട്ടങ്ങളൊന്നും ഫലം കണ്ടില്ല. ആദ്യ വിചാരണയ്ക്കൊടുവിൽ ലഭിച്ച ജീവപര്യന്തം കഠിന തടവ് തന്നെ വീണ്ടും ഒമ്പത് പേർക്കും ശിക്ഷയായി ലഭിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നായിരുന്നു ആദ്യ വിധിയെങ്കിൽ ഇന്നലത്തെ വിധിയിൽ പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നായി.
2019 ജൂൺ 27ന് കൊല്ലം നാലാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ നിയമത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് വിചാരണ കോടതിക്കെതിരെ പ്രതികൾ തിരിഞ്ഞിരുന്നു.
തങ്ങളുടെ വാദങ്ങൾ വിചാരണ കോടതി രേഖപ്പെടുത്തുന്നില്ലെന്ന ഹർജിയുമായി പ്രതികൾ രണ്ട് തവണയാണ് ഹൈക്കോടതി കയറിയത്. രണ്ട് തവണയും ഹൈക്കോടതി ഹർജികൾ തള്ളിയതോടെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മൂന്നാമതും ഹൈക്കോടതിയെ സമീപിച്ചു. അതും ഹൈക്കോടി തള്ളിയതോടെയാണ് വിചാരണ പൂർത്തീകരിച്ച് വിധി പ്രഖ്യാപിച്ചത്. 2020 ഫെബ്രുവരി ഒന്നിന് വിചാരണ കോടതി ജഡ്‌ജി എസ്. കൃഷ്ണകുമാർ കൊല്ലത്തെ തന്റെ അവസാന പ്രവൃത്തി ദിനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. വിധി അനുകൂലമാകില്ലെന്ന ധാരണയിൽ പ്രതികൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി.
കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.എൻ. സുജിത്ത് നാലിനും ഏഴിനും കേസ് പരിഗണിച്ചെങ്കിലും പ്രതികൾ ഹാജരായില്ല. 10ന് പുലർച്ചെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.
വിചാരണയിൽ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന ഹർജിയുമായി ഒരാഴ്ചയ്ക്കക്കം ഹൈക്കോടതിയെ സമീപിച്ചു. പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി അവർക്ക് പറയാനുള്ളത് കേൾക്കാൻ പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയെ ചുമതലപ്പെടുത്തി. പ്രതികൾക്ക് പറയാനുള്ളത് തുറന്ന കോടതിയിൽ അഞ്ച് ദിവസം കേട്ടു. അതിന് ശേഷമാണ് പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജി സി. സുരേഷ് കുമാർ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ് വിധിച്ചത്.