coco

കൊല്ലം: ഓണത്തിന് ഉപ്പേരി മുതൽ പപ്പടം വരെ വറത്തുകോരുന്ന വെളിച്ചെണ്ണയ്ക്കും ഓണവിപണിയിൽ അപരന്മാർ!. കഴിഞ്ഞവർഷം വരെ ബ്രാൻഡഡ് കമ്പനികളായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ, ഇപ്പോൾ 'ചക്കിലാട്ടിയ വെളിച്ചെണ്ണ' എന്ന പേരിലാണ് വ്യാജ വെളിച്ചെണ്ണ വിപണി കീഴടക്കുന്നത്.

നാടൻ കൊപ്രാ കണ്ടിട്ടില്ലാത്ത പല മില്ലുകൾക്ക് മുന്നിലും ഇപ്പോൾ ബോർഡുകൾ തൂങ്ങിയിട്ടുണ്ട്.

മായം ചേർക്കാതെ കൊപ്രാ ആട്ടി വെളിച്ചെണ്ണ വിൽക്കുന്ന ചില മില്ലുകളിൽ വ്യാപാരം പച്ചപിടിച്ചതോടെയാണ് ലാഭക്കൊതിയന്മാരും തട്ടിപ്പിനിറങ്ങിയത്. വേനൽ കാലത്ത് കൊപ്ര സംഭരിച്ചവർക്കേ മൺസൂൺ കാലമായ ഇപ്പോൾ ശുദ്ധമായ വെളിച്ചെണ്ണ വിൽക്കാൻ കഴിയൂ. പാകമായ തേങ്ങ കൊപ്രയാക്കി ആട്ടി വെളിച്ചെണ്ണയാക്കുമ്പോൾ ഒരു ലിറ്ററിന് 250 രൂപ വിലവരും. എന്നാൽ 200 മുതൽ 220 രൂപവരെ വിലയ്ക്കാണ് പലമില്ലുകളിലും വെളിച്ചെണ്ണ വിൽക്കുന്നത്.

ഓണക്കാലമായതിനാൽ വെളിച്ചെണ്ണ, കറിപൗഡറുകൾ, അരി, ഗോതമ്പ്, മുളക്, മല്ലിപ്പൊടികൾ എന്നിവയുടെ ഡിമാൻഡ് മുതലെടുത്താണ് ചൂഷണം. ഭക്ഷ്യപദാർത്ഥങ്ങളിലെ മായം കാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ഉദര സംബന്ധമായ മാറാവ്യാധികൾക്കും ത്വക്ക് രോഗങ്ങൾക്കും കാരണമാകും.

നാടൻ വെളിച്ചെണ്ണ: 250 രൂപ (ലിറ്റർ)

വ്യാജൻ: 200 - 220 രൂപ

തട്ടിപ്പിന്റെ ഒരുക്കം

1. തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കൊപ്രയും കൊപ്രയുടെ പുറം തൊലി ചെത്തിവരുന്നതും ആട്ടി വെളിച്ചെണ്ണയാക്കി വിൽക്കുന്നു

2. നാടൻ വെളിച്ചെണ്ണയിൽ പാം ഓയിലോ പാം കെർണൽ ഓയിലോ കലർത്തുന്നു

3. അടഞ്ഞുകിടക്കുന്ന മില്ലുകളുടെ മറവിൽ പായ്ക്ക് ചെയ്ത പൊടി വർഗങ്ങളും വെളിച്ചെണ്ണയും വിൽക്കുന്നു

4. മില്ലുകളുടെ മാറ്റം നാട് ഉൾക്കൊണ്ടത് മുതലെടുത്താണ് മായം കലർത്തുന്നത്

''

വെളിച്ചെണ്ണയിലാണ് കൂടുതൽ മായം കലരുക. എള്ളെണ്ണ, സൺഫ്ളവർ ഓയിൽ, പാം ഓയിൽ തുടങ്ങിയവയിലും കലർപ്പുണ്ടാകാറുണ്ട്. ഓണത്തിന് മുന്നോടിയായി എല്ലാ വ്യാപാര കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തും.

ദിലീപ്, ഭക്ഷ്യ സുരക്ഷാ

അസി. കമ്മിഷണർ, കൊല്ലം