കൊല്ലം: പിണറായിയുടെ ഭരണകാലത്ത് ട്രഷറികൾ കമ്മ്യൂണിസ്റ്റുകാർ കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സേവ് കേരളാ സ്പീക്ക് അപ് കാമ്പയിന്റെ ഭാഗമായി വടക്കേവിള ബ്ലോക്ക് കമ്മിറ്റി മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ വസതിയിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊവിഡിന്റെ മറവിൽ കൊള്ള നടത്തുകയാണ് പിണറായി സർക്കാർ. കള്ളക്കടത്തുകാരുടെയും കൊള്ളക്കാരുടെയും ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായും ബിന്ദുകൃഷ്ണ പറഞ്ഞു.
കെ.പി.സി..സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, എസ്. ശ്രീകുമാർ, ജി. ജയപ്രകാശ്, എം.എം. സൻജീവ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ആർ. രാജ്മോഹൻ എന്നിവരാണ് സത്യാഗ്രഹം അനുഷ്ടിച്ചത്. കെ. ശശിധരൻ പിള്ള, കെ. ശിവരാജൻ, പാലത്തറ രാജീവ്, സക്കീർ ഹുസൈൻ, ഇ. ജോൺസൻ, കുരുവിള ജോസഫ്, ശാന്തിനി ശുഭദേവൻ, പിണയ്ക്കൽ ഫൈസ് എന്നിവർ സംസാരിച്ചു.