നൂറോളം വീടുകളിൽ കടൽ വെള്ളം കയറി
കരുനാഗപ്പള്ളി: തോരാതെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും കടൽ ക്ഷോഭത്തിലും പെട്ട് കരുനാഗപ്പള്ളി ആലപ്പാട്ട് പ്രദേശങ്ങളിൽ വ്യാപകമായ നാശം സംഭവിച്ചു. ആലപ്പാട്ട് ഇന്നലെ രാവിലെ മുതൽ ശക്തമായ കടൽ ആക്രമണമായിരുന്നു. പണ്ടാരതുരുത്ത്, വെള്ളനാതുരുത്ത്, ചെറിയഴീക്കൽ ആലപ്പാട്ട് തുടങ്ങിയ തുറകളിൽ കടൽ ആക്രമണത്തെ തുടർന്ന് നൂറോളം വീടുകളിൽ കടൽ വെള്ളം കയറി. ആവശ്യമെങ്കിൽ നാട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനും വേണ്ടി വന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. തോരാതെ പെയ്യുന്ന മഴയിൽ തഴത്തോടുകളും പള്ളിക്കലാറും ടി.എസ്.കനാലും കര കവിഞ്ഞ് ഒഴുകിത്തുടങ്ങി. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ നിർദ്ദേശം നൽകി കഴിഞ്ഞു. കോഴിക്കോട് ബാനാസ് മൻസിലിൽ അബ്ദുൽ ലത്തീഫ് ഖാദിയാരുടെ വീടിന് മുകളിൽ മരം വീണ് ഷെയിഡ് ഭാഗികമായി തകർന്നു.മരുതൂർക്കുളങ്ങര തെക്ക് കിഴക്കേ വീട്ടിൽ വിജയലക്ഷ്മിയുടെ വീടിന് മുകളിൽ മരം വീണ് നാശം സംഭവിച്ചു. പന്മന ചിറ്റൂർ കുന്നേൽ വടക്കതിൽ ഹരിദാസന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. ഓച്ചിറ ചങ്ങൻകുളങ്ങര പുതുശ്ശേരിൽ തെക്കതിൽ വിലാസിനിയുടെ വീടിന്റെ മുകളിൽ ആഞ്ഞിലി മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. കരുനാഗപ്പള്ളി ദേശീയപാതയിൽ പുത്തൻതെരുവിന് സമീപം മരം വീണ് വാഹനഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ഇടക്കുളങ്ങര, മാടൻകാവ്, എന്നിവിടങ്ങളിൽ കടപുഴകിയ മരങ്ങൾ ഫയർഫോഴ്സ് എത്തി മുറിച്ച് മാറ്റി.