kadal

കൊല്ലം: പെരുമഴയ്‌ക്കും കാറ്റിനുമൊപ്പം തിരമാലകൾക്ക് ശക്തി പ്രാപിച്ചതോടെ കൊല്ലം തീരദേശത്തെ ദുരിതമേറി. കൂറ്റൻ തിരമാലകൾ തീരദേശത്തെ മണ്ണ് കൂടി കവർന്നാണ് തിരികെ മടങ്ങുന്നത്. മണ്ണിടിഞ്ഞ് തീരമേഖല അപ്പാടെ ഇല്ലാതാകുന്ന സ്ഥിതിയാണ്.

കൊല്ലം ബീച്ച് മുതൽ ഇരവിപുരം വരെ പുലിമുട്ടും കടൽഭിത്തിയും ഇല്ലാത്ത ഭാഗങ്ങളിൽ രണ്ടര മീറ്റർ വരെ ഉയരത്തിലാണ് തിരമാലകൾ അടിച്ചുയരുന്നത്. കാക്കത്തോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. തിരമാലകൾ ശക്തി പ്രാപിക്കുമ്പോൾ തീരദേശ റോഡും അനുദിനം ഇല്ലാതാകുകയാണ്.

തീരത്തെ തെങ്ങുകളും മറ്റ് മരങ്ങളും ദിവസേന കടപുഴകി കടലിലേക്ക് പതിക്കുകയാണ്. ഭൂവിസ്‌തൃതി ഇല്ലാതാകുന്ന തരത്തിൽ കൃത്യമായ ഇടവേളകളിൽ കടലാക്രമണം ശക്തമായിട്ടും ക്രിയാത്മക പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

 കിടപ്പാടം കാക്കേണ്ട പുലിമുട്ടുകളെവിടെ ?

 നിർമ്മാണം പൂർത്തിയായത് 12, വൈകുന്നത് 14

ലക്ഷ്‌മിപുരം തോപ്പ് മുതൽ കാക്കത്തോപ്പ് വരെ പുലിമുട്ടിന്റെ നിർമ്മാണം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. 12 പുലിമുട്ടുകൾ നിർമ്മിച്ചെങ്കിലും ശേഷിക്കുന്ന 14 എണ്ണത്തിന്റെ നിർമ്മാണം വൈകുകയാണ്. പുലിമുട്ട് നിർമ്മാണം വേഗത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.

 ഭൂപടത്തിൽ നിന്നൊഴിയുമോ ?

പുലിമുട്ട് നിർമ്മാണം അനന്തമായി വൈകിയാൽ തീരദേശത്തിന്റെ ഘടന തന്നെ ഇല്ലാതാകും. മേജർ ഇറിഗേഷൻ വകുപ്പിനാണ് പുലിമുട്ടുകളുടെ നിർമ്മാണ ചുമതല. പുലിമുട്ട് ഇല്ലാത്ത ഭാഗങ്ങളിൽ തീരദേശപാത ഇടിഞ്ഞുതാഴുമ്പോൾ അവശ്യ ജോലികളുടെ പട്ടികയിൽപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. ലക്ഷങ്ങൾ മുടക്കിയുള്ള അറ്റകുറ്റപ്പണികളോട് അധികൃതർക്കുള്ള താത്പര്യം പുലിമുട്ടുകളുടെ നിർമ്മാണത്തിലും ഉണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

 കാണാതെ പോകരുത് ഈ കണ്ണീർ

മയ്യനാട് കാക്കത്തോപ്പ്, പൊഴിക്കര മുക്കം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറുമ്പോൾ തീരദേശ വാസികൾക്കുണ്ടാകുന്ന ആശങ്ക ചെറുതല്ല. ശേഷിക്കുന്ന കരഭാഗങ്ങൾ കൂടി ഇടിഞ്ഞുതാഴ്ന്ന് കടലെടുക്കുകയാണ്.

പുലിമുട്ടിന് പകരം മണൽ ചാക്കുകളാണ് ഇവിടെ പല ഭാഗത്തുമുള്ളത്. വേലിയേറ്റമുണ്ടാകുമ്പോൾ മണൽ നിറച്ച ജിയോ ബാഗുകൾക്ക് വേണ്ടതരത്തിൽ തിരകളെ പ്രതിരോധിക്കാൻ കഴിയാറില്ല. ദുരിതസമയത്തെ ആശ്വാസ വാക്കുകൾക്കപ്പുറം ക്രിയാത്മകമായി ഇടപെടാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് തീരദേശവാസികളുടെ പരാതി.