പുനലൂരിൽ 44 വീടുകൾക്ക് നാശം
പുനലൂർ: ശക്തമായ മഴയിലും കാറ്റിലും പുനലൂർ താലൂക്കിൽ 44 വീടുകൾക്ക് നാശം സംഭവിച്ചു. നാല് വീടുകൾ പൂർണമായും നശിച്ചു. മറ്റുള്ളവക്ക് ഭാഗീകമായും നാശം സംഭവിച്ചു. ശക്തമായ കാറ്റിൽ മരങ്ങളും, മര ശിഖരങ്ങളും ഒടിഞ്ഞ് വീണാണ് വീടുകൾക്ക് നാശം സംഭവിച്ചത്.താലൂക്കിലെ ആര്യങ്കാവ് വില്ലേജിൽ 6, ആയിരനെല്ലൂർ 5, അറയ്ക്കൽ 8, ഇടമുളയ്ക്കൽ 1, ചണ്ണപ്പേട്ട 5, അലയമൺ 1, തിങ്കൾകരിക്കം 2, ഏരൂർ 1, ഇടമൺ 2, അഞ്ചൽ 5, കുളത്തൂപ്പുഴ 9 എന്നിങ്ങനെയാണ് വീടുകൾ നശിച്ചത്.6.80 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതർ അറിയിച്ചു. മഴ കനത്തതോടെ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകമായി കൃഷികളും നശിച്ചു.ഇത് കൂടാതെ നിരവധി ഇലട്രിക്ക് പോസ്റ്റുകളും മരങ്ങൾ വീണ് തകർന്നു. ഇത് കാരണം വൈദ്യുതി ബന്ധം താറുമാറായി. മഴ കനത്തതോടെ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ വെള്ളം കയറി ജീവനക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായി. കഴിഞ്ഞ രണ്ട് ആഴ്ചയായി മഴ തുടരുന്നത് കാരണം കല്ലട, കുളത്തൂപ്പുഴ, ചാലിയക്കര, മുക്കടവ്, അച്ചൻകോവിൽ, കഴുതിരുട്ടി ആറുകൾ നിറഞ്ഞ് ഒഴുകുന്നത് തീരവാസികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.