34 കോടി രൂപയുടെ ജലജീവൻ പദ്ധതി
കൊല്ലം: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് പദ്ധതി തയ്യാറായി. 34 കോടി രൂപയുടെ ജലജീവൻ പദ്ധതിയുടെ രൂപരേഖയ്ക്ക് ജില്ലാ സമിതി അംഗീകാരം നൽകി. പഞ്ചായത്തിലെ ഗ്രാമീണ മേഖലയിലുൾപ്പടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കാൻ കഴിയുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്ര- സംസ്ഥാന സർക്കാർ വിഹിതത്തിനൊപ്പം പഞ്ചായത്ത് വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുക. പദ്ധതിയ്ക്കാവശ്യമായ തുകയുടെ 45 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം ഗ്രാമപഞ്ചായത്തും ചെലവിടും. പത്ത് ശതമാനം ഗുണഭോക്‌തൃ വിഹിതമാണ്.പൊരീയ്ക്കലിൽ കൂറ്റൻ ജലസംഭരണിയുണ്ടെങ്കിലും പവിത്രേശ്വരം പഞ്ചായത്തിൽ വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടാറുണ്ട്. നിലവിലുള്ള ജലവിതരണ പൈപ്പുകൾ മിക്കപ്പോഴും തകരാറിലാണ്. എല്ലായിടത്തും പൈപ്പ് ലൈൻ എത്തിയിട്ടുമില്ല. ആ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകുന്നവിധമാണ് ജലജീവൻ പദ്ധതി തയ്യാറാക്കുന്നത്.
2020-21 -ൽ 2100 കുടിവെള്ള കണക്ഷനും
2021-22 - ൽ 5570 കുടിവെള്ള കണക്ഷനും നൽകും
40 കിലോമീറ്റർ ദൂരം പൈപ്പ് സ്ഥാപിക്കും
കുളക്കട- പവിത്രേശ്വരം കുടിവെള്ള പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പവിത്രേശ്വരം പഞ്ചായത്തിലെ ജലജീവൻ പദ്ധതി നടപ്പാക്കുക. പഞ്ചായത്തിലെ 40 കിലോമീറ്റർ ദൂരത്തിൽ ലൈൻ പൈപ്പ് സ്ഥാപിക്കും. തകരാറുള്ള മുഴുവൻ പൈപ്പുകളും മാറ്റും. കുളക്കട പഞ്ചായത്തിൽ കല്ലടയാറ്റിനോട് ചേർന്ന തെങ്ങമാംപുഴ കടവിലാണ് പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്നുമുള്ള വെള്ളം പെരുംകുളത്തെ ട്രീറ്റ്മെന്റ് പ്ളാന്റിലെത്തിച്ച് അവിടെ നിന്നും പൊരീയ്ക്കലിൽ നിലവിലുള്ള വാട്ടർ ടാങ്കിലേക്കും കൂടാതെ മാറനാട് നിർമിക്കുന്ന പുതിയ വാട്ടർ ടാങ്കിലേക്കും എത്തിച്ചാണ് വിതരണം ചെയ്യുക.
ജലജീവൻ പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. 19 വാർഡുകളിലായി 7670 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിയ്ക്കാൻ കഴിയും.ധന്യാകൃഷ്ണൻ, പ്രസിഡന്റ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്