kadal
വീഴുവാൻ വെമ്പി... കൊല്ലം തീരത്തെ കാക്കത്തോപ്പ് ഭാഗത്ത് തിരമാലകൾ തീരത്തേക്ക് അടച്ചുയരുന്നു. പ്രദേശത്ത് മണ്ണിടിച്ചിലും പതിവാണ്

 ഇന്നലെ മഴയെടുത്തത് 79 വീടുകൾ  തീരദേശത്ത് കൂറ്റൻ തിരമാലകൾ

കൊല്ലം: കൊവി‌ഡ് പ്രതിസന്ധിക്കിടെ എത്തിയ പെരുമഴയിൽ രണ്ടാം ദിവസവും കൊല്ലം നിശ്ചലമായി. പൂർണമായി തകർന്ന മൂന്ന് വീടുകൾ ഉൾപ്പെടെ ജില്ലയിൽ 79 വീടുകൾ ഇന്നലെ തകർന്നു. വീടുകൾ തകർന്നതിലൂടെ 32.79 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കിഴക്കൻ വന മേഖലയിൽ കനത്ത മഴ തുടരുന്നത് മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ആശങ്കകൾ ഉയർത്തുന്നുണ്ട്. കൊല്ലം, കരുനാഗപ്പള്ളി തീര മേഖലകളിൽ കനത്ത തിരമാലകൾ തീരത്തേക്ക് അടിച്ച് കയറുകയാണ്. കടലിൽ പോകാൻ കഴിയാതെ ആഴ്ചകളായി വറുതിയിലായ തീരത്ത് കടലാക്രമണ സാദ്ധ്യത ഉയരുന്നതിൽ ജനങ്ങൾ ഭയത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മഴയും കടലാക്രമണവും ശക്തി പ്രാപിച്ചാൽ സ്ഥിതി ഗുരുതരമാകും. ഓണ വിപണിക്കായി സജ്ജമായ കാർഷിക മേഖലയുടെ നഷ്ടം ഇന്നലെയും പൂർണമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും നിലവിലെ സഹാചര്യം പരിഗണിച്ച് കൺട്രോൾ റൂമുകൾ തുറന്നു.

കെ.എസ്.ഇ.ബിയുടെ നഷ്ടം

ഒന്നരക്കോടിക്ക് മേൽ

മരങ്ങൾ കടപുഴകി വൈദ്യുതി തൂണുകൾക്കും കമ്പികൾക്കും മുകളിലേക്ക് വീണതിലൂടെ കെ.എസ്.ഇ.ബിക്ക് ഉണ്ടായ നഷ്ടം ഒന്നരക്കോടിക്ക് മേലെയാണ്. രണ്ടായിരത്തിലേറെ സ്ഥലങ്ങളിൽ മരങ്ങളും ശിഖരങ്ങളും വീണ് ലൈൻ പൊട്ടി. മൂന്ന് ട്രാൻസ്‌ഫോർമറുകൾ പൂർണമായി നശിച്ചു. നൂറിലേറെ ട്രാൻസ്‌ഫോർമറുകളിൽ ഇന്നലെ രാത്രി വൈകിയും തകരാറുകൾ പരിഹരിച്ച് കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ ജീവനക്കാർക്ക് പുറമെ പുറത്ത് നിന്ന് കരാർ തൊഴിലാളികളും രാത്രി വൈകിയും പെരുമഴ നനഞ്ഞ് ജോലിയിലാണ്.

തകർന്ന വീടുകൾ: 79

(താലൂക്ക് തിരിച്ച് ചുവടെ)

1. കൊല്ലം: 11

2. കൊട്ടാരക്കര: 42

3. കരുനാഗപ്പള്ളി: 6

4. കുന്നത്തൂർ: 9

5. പത്തനാപുരം: 6

6. പുനലൂർ: 5

കൺട്രോൾ റൂം @ 24 മണിക്കൂർ


1. കളക്‌ടറേറ്റ്: 0474 2794002, 2794004,
2. കൊല്ലം താലൂക്ക് ഓഫീസ്: 0474 2742116

3. കരുനാഗപ്പള്ളി: 0476 2620223

4. കൊട്ടാരക്കര: 0474 2454623

5. കുന്നത്തൂർ: 0476 2830345

6. പത്തനാപുരം: 0475 2350090

7. പൂനലൂർ: 0475 2222605

മത്സ്യത്തൊഴിലാളികൾ
പത്തനംതിട്ടയിലേക്ക്

പത്തനംതിട്ടയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി പുറപ്പെടും. മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി കളക്ടർ സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. പത്തനംതിട്ട ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് തൊഴിലാളികളുമായി കളക്ടർ ചർച്ച നടത്തിയത്.