എഴുകോൺ: മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയിലും ശക്തമായ കാറ്റിലും വ്യാപക കൃഷി നാശം. ഓണ വിപണി മുൻനിർത്തി കൃഷി ഇറക്കിയ കർഷകരുടെ ഏത്തവാഴകളും മരച്ചീനി ഉൾപ്പടെയുള്ള മറ്റ് വിളകളും നശിച്ചു. കാരുവേലിൽ കതിരുവിള വീട്ടിൽ തങ്കപ്പൻപിള്ളയുടെ 700 മൂട് ഏത്തവാഴകൾ ശക്തമായ കാറ്റിൽ ഒടിഞ്ഞ് വീണു. ഇരുമ്പനങ്ങാട് ചാരുതയിൽ ജോർജ്ജ്.സി.കോശിയുടെ 76 ഓളം കുലച്ച ഏത്തവാഴകളും ചീരാൻകാവ് കാരുവേലിൽ തൈയിലാഴികത്ത് വീട്ടിൽ പി. ഗണേഷ് കുമാറിന്റെ ഏത്ത, റോബസ്റ്റ, കപ്പ ഇനങ്ങളിലെ പകുതി വിളവായ 30 ഓളം വാഴകളും നശിച്ചു. ഇരുമ്പനങ്ങാട് പാറയ്ക്കൽ വീട്ടിൽ സന്തോഷ് കുമാറിന്റെ വിളവെടുക്കാറായ 30 ഏത്തവാഴകളും ചിറ്റാകോട് ലെനിൻ നിവാസിൽ ലെനിനിന്റെ 100 മൂട് മരച്ചീനിയും പിഴുത് വീണു. കനത്ത നാശം സംഭവിച്ച സ്ഥലങ്ങൾ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോൺ ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി എഴുകോൺ കൃഷി ഓഫീസർ അനുഷ്മ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസത്തെ കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണതിനെ തുടർന്ന് തടസപ്പെട്ട വൈദ്യുതി വിതരണം പൂർണമായും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. എഴുകോൺ സെക്ഷന്റെ പരിധിയിൽ വരുന്ന ഇരുമ്പനങ്ങാട്, പുളിയറ, വി.കെ.എം, കൊട്ടാരക്കര സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പലത്തുംകാല, ഈലിയോട് പവിത്രേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ മൂന്ന് ദിവസമായി വൈദ്യുതി ഇല്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ടാങ്കുകളിൽ വെള്ളം തീർന്നതിനെ തുടർന്ന് മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുകയാണ് ജനങ്ങൾ. കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ അടക്കം മുടങ്ങിയ സ്ഥിതിയാണ്. കഴിവതും നേരത്തെ വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.