പുനലൂർ: മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും മതിൽക്കെട്ട് ഇടിഞ്ഞു വീഴുകയും ചെയ്തു. തെന്മല ഡാം ജംഗ്ഷനിൽ കെ.ഐ.പി.ലേബർ കോളനിയിലെ അലിയാ മൻസിലിൽ മാഹീൻെറ വീട്ടു മുറ്റത്തെ ചുറ്റുമതിലാണ് ഇടിഞ്ഞ് സമീപവാസിയായ സാവിത്രിയുടെ വീടിനോട് ചേർന്ന് വീണത്.കരവാളൂർ ടൗൺ വാർഡിലെ താമസക്കാരായ തോമസിൻെറ പുരയിടത്തിൽ നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി വീണ് സമീപത്തെ റോഡിലെ ഗതാഗാതം മുടക്കി. ഇത് കൂടാതെ ടൗണിന് സമീപത്ത് കൂടി കടന്ന് പോകുന്ന വെട്ടിപ്പുഴ തോട് നിറഞ്ഞ് ഒഴുകിയത് കാരണം ചെമ്മന്തൂരിലും മുരുകൻ കോവിലിന് സമീപത്തെയും വീടുകളിൽ ഇന്നലെ വൈകിട്ട് വെള്ളം കയറി. സമീപത്തെ വയൽ നികത്തി കരയാക്കിയതിനെ തുടർന്നാണ് വീടുകളിൽ വെള്ളം കയറിയത്.